തന്തൂരി ചിക്കന് 'നോ' പറഞ്ഞ് ഡൽഹി; വിലക്ക് വായുമലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി

ന്യൂഡല്‍ഹി: ഡൽഹിയിലും മറ്റ് വടക്കേ ഇന്ത്യൻ നഗരങ്ങളിലും രൂക്ഷമായി തുടരുന്ന വായുമലിനീകരണത്തിന്റെ ഭാഗമായി തന്തൂരി ചിക്കൻ ഉൾപ്പടെയുള്ള വിഭവങ്ങള്‍ക്ക് വിലക്ക്. റെസ്റ്റോറന്റുകളിൽ വിറകും കരിയും കത്തിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്തിന്റെ കൂട്ടത്തിലാണ് തന്തൂരിക്ക് 'നോ' പറയാനുള്ള തീരുമാനം. ഹോട്ടലുകളില്‍ ഇലക്ട്രിക് ഗ്യാസ് സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നാണ് നിർദേശം.
അതേസമയം ഡൽഹിയിലും മറ്റ് വടക്കേ ഇന്ത്യൻ നഗരങ്ങളിലും രൂക്ഷമായി തുടരുന്ന വായുമലിനീകരണം കുറയ്‌ക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്ത മോദി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്. റെസ്‍പിറേറ്റര്‍ മാസ്‍ക് അടക്കം ധരിച്ച് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിന് മുന്നിൽ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കെതിരെയും മുദ്രാവാക്യമുയര്‍ന്നു. ശുദ്ധവായു അവകാശമാണെന്നതടക്കമുള്ള പ്ലക്കാർഡുകളുയര്‍ത്തിയ എംപിമാർ വിഷയത്തിൽ പ്രസ്‌താവനകളവസാനിപ്പിച്ച് നടപടികളെടുക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വായുമലിനീകരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ എംപിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകുകയും ചെയ്‌തു.
ഡൽഹിയിലെ വായുഗുണനിലവാരം ഇൗ വർഷം 134 ദിവസവും മോശമായിരുന്നെന്ന് കാലാവസ്ഥാ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. 200 ദിവസത്തിൽ ഒറ്റ ദിവസം പോലും ഡൽഹിക്കാർ ശുദ്ധവായു ശ്വസിച്ചില്ലെന്നും സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രാലയം പറഞ്ഞു. ഡൽഹിയിലെ വായു മലിനീകരണം ‘അതീവ മോശം’ സ്ഥിതിയിൽ തുടരുകയാണ്.









0 comments