സിഎൻജി വിലവർദ്ധനവിൽ കുടുങ്ങി യാത്രക്കാർ; ഡൽഹിയിൽ ഓട്ടോ, ടാക്സി നിരക്കുകൾ വർധിച്ചേക്കും

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പെട്രോളിനും ഡീസലിനും പിന്നാലെ തലസ്ഥാനത്ത് സിഎൻജി വിലയും വർദ്ധിപ്പിച്ചതോടെ ഡൽഹിയിൽ ഓട്ടോറിക്ഷ, ടാക്സി നിരക്കുകൾ കുത്തനെ കൂടിയേക്കും. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് സിഎൻജി വില കിലോയ്ക്ക് 2 രൂപ വർദ്ധിപ്പിച്ചതോടെയാണ് നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ട് ട്രാൻസ്‌പോർട്ട് യൂണിയനുകൾ രംഗത്തെത്തിയത്.
പുതിയ വർദ്ധനവോടെ ഡൽഹിയിൽ സിഎൻജി വില കിലോയ്ക്ക് 79.09 രൂപയായി ഉയർന്നു. ഇന്ധനവില വർദ്ധനവ് തങ്ങളുടെ ദൈനംദിന വരുമാനത്തെയും ജീവിതത്തെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഓട്ടോറിക്ഷ യൂണിയനും ഡൽഹി പ്രദേശ് ടാക്സി യൂണിയനും മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് അടിയന്തര കത്തയച്ചു.
നിരക്കുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പരിഷ്കരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇന്ധനച്ചെലവിന് പുറമെ ടയറുകൾ, മറ്റ് സ്പെയർ പാർട്സുകൾ, എഞ്ചിൻ ഓയിൽ എന്നിവയുടെ വിലയും വർദ്ധിച്ച സാഹചര്യത്തിൽ നിലവിലെ കുറഞ്ഞ നിരക്ക് (ആദ്യ 1.5 കിലോമീറ്ററിന്) 30 രൂപയിൽ നിന്ന് 50 രൂപയായി ഉയർത്തണം എന്നാണ് യൂണിയനുകളുടെ ആവശ്യം.
തുടർന്നുള്ള ഓരോ കിലോമീറ്ററിനും നിരക്ക് 11 രൂപയിൽ നിന്ന് 15 രൂപയാക്കണം. ടാക്സികളിൽ ആദ്യ കിലോമീറ്ററിനുള്ള ബേസ് ഫെയർ 40 രൂപയിൽ നിന്ന് 70 രൂപയായി വർദ്ധിപ്പിക്കണം. നോൺ-എസി ടാക്സികൾക്ക് കിലോമീറ്ററിന് 30 രൂപയും എസി ടാക്സികൾക്ക് 40 രൂപയും ആക്കണം.
മറ്റ് നിരക്കുകൾ, വെയ്റ്റിംഗ് ചാർജ് മിനിറ്റിന് 1 രൂപയായും ലഗേജ് ചാർജ് 25 രൂപയായും ഉയർത്തണം. രാത്രികാല സർവീസുകൾക്കുള്ള 25 ശതമാനം അധിക ചാർജ് നിലനിർത്തണം എന്നിങ്ങനെയാണ് ആവശ്യങ്ങൾ. ഡൽഹിയിൽ ഇതിനുമുൻപ് 2023 ജനുവരിയിലാണ് ഓട്ടോ-ടാക്സി നിരക്കുകൾ പുതുക്കിയത്.
നിലവിലെ പുതിയ വിലവർദ്ധനവ് മെട്രോ സ്റ്റേഷനുകളെയും മറ്റ് ഹ്രസ്വദൂര യാത്രകളെയും ആശ്രയിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ യാത്രക്കാരെ നേരിട്ട് ബാധിക്കും. യാത്രാക്കൂലി വർദ്ധിപ്പിച്ചാൽ അത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും വഴിവെക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
പശ്ചിമേഷ്യൻ പ്രതിസന്ധിയും ഹോർമുസ് കടലിടുക്കിലെ തർക്കങ്ങളും കാരണം രാജ്യാന്തര വിപണിയിൽ ഇന്ധന വിതരണം തടസ്സപ്പെട്ടതാണ് ഇപ്പോഴത്തെ ആഭ്യന്തര വിലക്കയറ്റത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രാജ്യത്ത് സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവും കൂടുതലാണ് എന്ന് വെളിപ്പെടുത്തിയതോടെ കാര്യങ്ങൾ കൂടുതൽ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.











0 comments