print edition ശുദ്ധവായുവിനായി ഡല്‍ഹിയില്‍ മുറവിളി ; പ്രതിഷേധക്കാരെ വലിച്ചിഴച്ച് ഡൽഹി പൊലീസ്

ന്യൂഡൽഹി
ശുദ്ധവായു അവകാശമാണെന്ന് ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് ശക്തമാകുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തി ഡൽഹി പൊലീസ്. ഞായറാഴ്‌ച ഇന്ത്യാ ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ച വിദ്യാർഥികളടക്കമുള്ളവരെ പൊലീസ് വലിച്ചിഴച്ചു. മലയാളികളടക്കം 22 പേരെ അറസ്റ്റ് ചെയ്തു. ഡൽഹി കോർഡിനേഷൻ കമ്മിറ്റി ഫോർ ക്ലീൻ എയറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വായുമലിനീകരണത്തിന് സുസ്ഥിര പരിഹാരം തേടിയിരുന്നു പ്രതിഷേധം.
പൊലീസ് മോശമായി പെരുമാറിയെന്നും ഫോൺ തട്ടിയെടുത്തെന്നും വിദ്യാർഥികൾ പറഞ്ഞു. പ്രതിഷേധക്കാർ തങ്ങൾക്കുനേരെ മുളക് സ്‌പ്രേ പ്രയോഗിച്ചെന്ന് പൊലീസ് ആരോപിച്ചു. പ്രതിഷേധക്കാരുടെ മാവോയിസ്റ്റ് ബന്ധമടക്കം അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചു. ‘ബിർസ മുണ്ഡ മുതൽ മാദ്‌വി ഹിദ്‌മ വരെ വനത്തിനും പരിസ്ഥിതിക്കുമായുള്ള സമരങ്ങൾ തുടരും’– എന്നതടക്കം പോസ്റ്ററുകൾ പ്രതിഷേധക്കാർ ഉയർത്തിയതിനെ തുടർന്നാണ് അന്വേഷണം. അടുത്തിടെ സുരക്ഷാ ഏജൻസികൾ ഏറ്റുമുട്ടലിൽ വധിച്ച മാവോയിസ്റ്റ് നേതാവാണ് മാദ്‌വി ഹിദ്‌മ. അതേസമയം, ഡൽഹിയിലെ വായു ഗുണനിലവാരം ‘അതീവ മോശം’, ‘ഗുരുതരം’ എന്നീ വിഭാഗങ്ങളിൽ തുടരുകയാണ്.








0 comments