റാഗിങ്ങിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ വേട്ടയാടരുത്; അംബേദ്കർ സർവകലാശാല വിസിക്ക് കത്തയച്ച് ശിവദാസൻ എംപി

ന്യൂഡൽഹി: അംബേദ്കർ സർവകലാശാലയിൽ എബിവിപി പ്രവർത്തകരുടെ റാഗിങ്ങിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ വൈസ് ചാൻസർക്ക് കത്തയച്ച് ഡോ. വി ശിവദാസൻ എംപി. വിദ്യാർഥികൾ ഒരു മാസത്തിലേറെയായി സസ്‌പെൻഷനിൽ കഴിയുന്നത് ഖേദകരമാണെന്ന് എംപി പറഞ്ഞു.
സർവകലാശാല ക്യാമ്പസിൽ നടന്ന റാഗിങ്ങിനെതിരെ പ്രതിഷേധം നടത്തിയ വിദ്യാർഥികളെയും വലതുപക്ഷ സംഘടനകളോട് ബന്ധമുള്ള കുറ്റാരോപിത വിദ്യാർഥികളെയും ഉൾപ്പെടെ 11 പേരെ സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ കുറ്റാരോപിതരായ വിദ്യാർഥികളെ പലപ്പോഴായി സസ്‌പെൻഷൻ പിൻവലിച്ച് തിരിച്ചെടുക്കുകയായിരുന്നു സർവകലാശാല.
സർവകലാശാലയിൽ നിന്നും പിന്തുണ ലഭിക്കുന്നതിനുപകരം റാഗിങ്ങിനെതിരെ നിലകൊണ്ട വിദ്യാർഥികളുടെ സത്യസന്ധതയ്ക്കും സാമൂഹിക ഉത്തരവാദിത്തബോധത്തിനും അവർ ശിക്ഷിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണ്. സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾ തങ്ങളുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന ആവശ്യവുമായി നിരാഹാര സമരം നടത്തുകയാണ് ശിവദാസൻ കത്തിൽ സൂചിപ്പിച്ചു.
നീതിയ്ക്കൊപ്പം നിന്ന വിദ്യാർഥികളെ ഇത്തരത്തിൽ വേട്ടയാടുന്നത് അംബേദ്കർ സർവകലാശാല പോലെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ചേരുന്ന പ്രവണതയല്ല. അതിനാൽ, ഇക്കാര്യത്തിൽ നീതിപൂർവമായ ഒരു പരിഹാരം എത്രയും വേഗം ആവശ്യമാണെന്ന് ശിവദാസൻ ചൂണ്ടിക്കാട്ടി. അതിനാൽ, കാമ്പസിനുള്ളിൽ നീതിയുക്തമായ അക്കാദമിക അന്തരീക്ഷം തിരികെ കൊണ്ടുവരാൻ വിദ്യാർഥികളുടെ സസ്പെൻഷൻ ഉടൻ പിൻവലിക്കണമെന്ന് അഭ്യർഥിക്കുന്നതായി ശിവദാസൻ എംപി കത്തിൽ പറഞ്ഞു.
സഹപാഠി റാഗിങ്ങിന് ഇരയായയെന്നും തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. വിഷയം ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിദ്യാർഥികൾക്കെതിരെയുള്ള സർവകലാശാലയുടെ നടപടിയിൽ കോടതി സഹതാപം പ്രകടിപ്പിച്ചിരുന്നു.









0 comments