പ്രമുഖ പാൻ മസാല വ്യവസായിയുടെ മരുമകൾ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ന്യൂഡൽഹി: പ്രമുഖ പാൻ മസാല ബ്രാൻഡുകളായ 'കമല പസന്ദ്', 'രാജ്‌ശ്രീ' എന്നിവയുടെ ഉടമയായ കമൽ കിഷോർ ചൗരസ്യയുടെ മരുമകൾ ദീപ്തി ചൗരസ്യയെ (40) ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് ഡൽഹിയിലെ വസന്ത് വിഹാറിലുള്ള ആഡംബര വസതിയിൽ ഇന്നലെ ഉച്ചയോടെയാണ് ദീപ്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്നും ദീപ്തി എഴുതിയതെന്ന് കരുതുന്ന ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. "ബന്ധത്തിൽ സ്നേഹവും വിശ്വാസവുമില്ലെങ്കിൽ പിന്നെ ജീവിതത്തിന് എന്താണ് അർത്ഥം?" എന്നാണ് കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും കുറിപ്പിൽ പറയുന്നു. കുടുംബപ്രശ്നങ്ങളാണ് ദീപ്തിയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
2010-ലായിരുന്നു കമൽ കിഷോറിന്റെ മകൻ അർപ്പിതുമായുള്ള ദീപ്തിയുടെ വിവാഹം. ഇവർക്ക് 14 വയസ്സുള്ള ഒരു മകനുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









0 comments