തെലങ്കാനയിൽ ദുരഭിമാനക്കൊല; യുവാവിനെ ഭാര്യ വീട്ടുകാർ കൊലപ്പെടുത്തി

ഹൈദരാബാദ്: തെലങ്കാനയിൽ ജാതിയുടെ പേരിൽ യുവാവിനെ ഭാര്യ വീട്ടുകാർ കൊലപ്പെടുത്തിയെന്ന് പരാതി. തിങ്കളാഴ്ച പുലർച്ചെ സൂര്യപേട്ട് ജില്ലയിലാണ് സംഭവം. മാമില്ലഗദ്ദ സ്വദേശിയായ വഡ്‌കൊണ്ട കൃഷ്ണ(32) എന്നയാളെ പില്ലലമാരിക്കടുത്ത് കാനാലിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കൃഷ്ണയുടെ മുഖം പാറക്കല്ലുകൾ ഉപയോഗിച്ച് അടിച്ചു തകർത്ത നിലയിലായിരുന്നു.
യുവാവിന്റെ പിതാവിൻ്റെ പരാതിയിൽ ഭാര്യാ പിതാവും സഹോദരന്മാരുമടക്കം നാല് പേർക്കെതിരെ സൂര്യപേട്ട് പൊലീസ് കേസെടുത്തു. കൃഷ്ണയുടെ ഭാര്യ കോട്‌ല ഭാർഗവിയുടെ പിതാവ് കോട്‌ല സെയ്ദുലു, സഹോദരങ്ങളായ നവീൻ, വംശി, സുഹൃത്ത് ബൈരു മഹേഷ് എന്നിവർക്കെതിരെയാണ് കേസ്. പ്രതികൾ തൻ്റെ മകനെ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നും ഇതിന് കാരണം ഭാർഗവിയും തന്റെ മകനും തമ്മിലുള്ള മിശ്ര വിവാഹമാണെന്നും പാസ്റ്ററായ ഡേവിഡ് പരാതിയിൽ പറയുന്നത്. ഭർത്താവിന്റെ മരണത്തിന് പിന്നിൽ തന്റെ കുടുംബമാണെന്ന് ഭാർഗവിയും ആരോപിച്ചു. പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
മാസങ്ങൾക്കു മുമ്പാണ് കൃഷ്ണയും കോട്‌ല ഭാർഗവിയും തമ്മിലുള്ള വിവാഹം നടന്നത്. കൃഷ്ണയും യുവതിയുടെ സഹോദരൻ നവീനും സുഹൃത്തുക്കളായിരുന്നു. സഹോദരിയുമായി കൃഷ്ണ പ്രണയത്തിലായതോടെ സുഹൃത്തുക്കൾ ശത്രുതയിലായി. പട്ടികജാതി വിഭാഗത്തിൽപെട്ട കൃഷ്ണയുമായുള്ള വിവാഹത്തെ യുവതിയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. കൃഷ്ണക്കെതിരെയും ഭാര്യാ സഹോദരന്മാർക്കെതിരെയും സൂര്യപേട്ട് പൊലീസ് സ്‌റ്റേഷനിൽ നേരത്തെ വധശ്രമക്കേസുകൾ ഉൾപ്പെടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നാല് പ്രതികളും ഒളിവിലാണ്.









0 comments