മധ്യപ്രദേശിൽ വീണ്ടും ദളിത് പീഢനം
മധ്യപ്രദേശിൽ ദളിത് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് മൂത്രം കുടിപ്പിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ 25 വയസ്സുള്ള ദളിത് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് മൂത്രം കുടിപ്പിച്ചു. ഡ്രൈവർ ജോലി ചെയ്യാൻ തയാറാവാത്തതിന്റെ പേരിൽ വാഹനത്തിൽ കയറ്റിക്കൊണ്ട് പോയി കെട്ടിയിട്ട് മർദ്ദിച്ച ശേഷം മൂത്രം കുടിപ്പിക്കയായിരുന്നു. കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അവശനായ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.
കേസിലെ പ്രധാന പ്രതിയായ ദാതവാലി ഗ്രാമവാസിയായ സോനു ബറുവയ്ക്കുവേണ്ടി യുവാവ് ഡ്രൈവർ ജോലി ചെയ്തിരുന്നു. പീഢനവും ജാതിഭർത്സനങ്ങളും തുടർന്നതോടെ ജോലി വിട്ടു. ഇതിന് പിന്നാലെ സോനു ബറുവയും സംഘവും വാഹനവുമായി യുവാവിന്റെ സുർപുരയിലെ അകുത്പുര ഗ്രാമത്തിലെത്തി ബലമായി പിടിച്ചു കൊണ്ടുപോയി.
തുടർന്ന് ഭിന്ദിലേക്ക് കൊണ്ടുവന്നു. അവിടെ വെച്ച് അയാളെ മർദ്ദിക്കുകയും നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു. തട്ടിക്കൊണ്ടു പോകുന്നതിനിടെ ജീപ്പിൽ വെച്ചും സമാന പീഢനം നടത്തിയതായും പരാതിയിൽ പറയുന്നു.
സോനു ബറുവ, അലോക് ശർമ്മ, ഛോട്ടു ഓജ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.
കട്നി ജില്ലയിൽ അനധികൃത ഖനനത്തെ എതിർത്ത പട്ടികജാതി സമുദായ യുവാവിനെ നാല് പേർ ചേർന്ന് മർദ്ദിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്ത സംഭവത്തിന് തൊട്ടാണ് ഭിന്ദിലും പീഢനം റിപ്പോർട് ചെയ്യുന്നത്. മെയ് മാസത്തിൽ ഗുണ ജില്ലയിൽ നിന്നുള്ള ഒരു യുവാവിനെ തർക്കത്തെ തുടർന്ന് രാജസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോയി മൂത്രം കുടിപ്പിക്കുകയും സ്ത്രീവേഷം ധരിപ്പിച്ച് നടത്തുകയും ചെയ്ത കേസ് ഉണ്ടായിരുന്നു.
ഉജ്ജൈൻ ജില്ലയിൽ വിവാഹിതയായ ഒരു സ്ത്രീയോടൊപ്പം ഒളിച്ചോടിയതിന് ദളിത് യുവാവിനെ മർദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെരുപ്പ് മാല അണിയിക്കുകയും ചെയ്ത കേസ് ഉണ്ടായി. 2023 ജൂലൈയിൽ സിദ്ധി ജില്ലയിൽ ഒരു ആദിവാസി യുവാവിന്റെ മേൽ ഒരാൾ മൂത്രമൊഴിക്കുന്നത് പകർത്തിയ വീഡിയോ പുറത്തെത്തിയത് വലിയ ദേശീയ പ്രതിഷേധത്തിന് കാരണമായിരുന്നു.
2023 ലെ എൻസിആർബി ഡാറ്റ പ്രകാരം പട്ടികജാതിക്കാർക്കെതിരായ 8,232 കുറ്റകൃത്യങ്ങൾ മധ്യപ്രദേശിൽ മാത്രം റിപ്പോർട് ചെയ്യപ്പെട്ടു. ദലിത് പീഢനങ്ങളിൽ രാജ്യത്ത് മൂന്നാമതാണ് മധ്യപ്രദേശ്. ഇന്ത്യയിലുടനീളം 57,789 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.










0 comments