ad
Deshabhimani

'മോൻതാ' ചുഴലിക്കാറ്റ്; ആന്ധ്രാപ്രദേശിലും ഒഡീഷയിലും ഒക്ടോബർ 30 വരെ സ്‌കൂളുകൾക്ക് അവധി

Montha.jpg
വെബ് ഡെസ്ക്

Published on Oct 27, 2025, 05:41 PM | 1 min read

അമരാവതി: അറബിക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ 'മോൻതാ' കാരണം ആന്ധ്രാപ്രദേശിലും ഒഡീഷയിലും സ്‌കൂളുകൾ അടച്ചു. ചുഴലിക്കാറ്റിൻ്റെ മുന്നറിയിപ്പിനെ തുടർന്ന് ഇരു സംസ്ഥാനങ്ങളിലെയും ചില ജില്ലകളിൽ ഒക്ടോബർ 30 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.


ഐ.എം.ഡി. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെത്തുടർന്ന്, ആന്ധ്രാപ്രദേശിൻ്റെയും ഒഡീഷയുടെയും തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ കൃഷ്ണ, ഈസ്റ്റ് ഗോദാവരി, കോനസീമ, നെല്ലൂർ എന്നീ നാല് ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഒക്ടോബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.


മുൻകരുതലിൻ്റെ ഭാഗമായി ഹോസ്റ്റൽ വിദ്യാർഥികളെ വീടുകളിലേക്ക് തിരിച്ചയക്കുകയും 19 ജില്ലകളിൽ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഒഡിഷയിലെ മാൽക്കൻഗിരി, കോരാപുട്ട്, രായഗഡ, ഗഞ്ചം, ഗജപതി, കാണ്ഡമാൽ, കലാഹണ്ടി, നബരംഗ്പൂർ എന്നീ എട്ട് ജില്ലകളിലെ സ്‌കൂളുകൾക്കും അങ്കണവാടി കേന്ദ്രങ്ങൾക്കും ഒക്ടോബർ 30 വരെ അവധി പ്രഖ്യാപിച്ചു.


ചുഴലിക്കാറ്റിനെ നേരിടാൻ ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ഒ.ഡി.ആർ.എ.എഫ്.), ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്.), ഫയർ സർവീസസ് എന്നിവയുടെ 128 ടീമുകളെ വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ഇന്ന് മുതൽ ശക്തി പ്രാപിക്കുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) മുന്നറിയിപ്പ് നൽകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home