അഴിമതി, അധികാര തർക്കം; പ്രശ്നങ്ങൾ പരിഹരിക്കാനാവാതെ കർണാടകത്തിലെ കോൺഗ്രസ് ഭരണം

PHOTO CREDIT: PTI
ബംഗളൂരു: അഴിമതിയിൽ മുങ്ങിയ കർണാടകത്തിലെ കോൺഗ്രസ് സർക്കാരിൽ പരസ്യപ്പോര് മുറുകുന്നു. മുഖ്യമന്ത്രിയായ സിദ്ധരാമയ്യക്കെതിരെ പടയൊരുക്കം ശക്തിയാക്കിയിരിക്കുകയാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അനുയായികളും. മുൻ ധാരണകൾ പ്രകാരം വരുന്ന സെപ്തംബറിൽ മുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകുമാറിന് സിദ്ധരാമയ്യ കൈമാറണം. എന്നാൽ ഭരണം വിട്ടിറങ്ങില്ല എന്ന് സിദ്ധരാമയ്യ പക്ഷം നിലപാടെടുത്തതോടെ കർണാടകത്തിലെ കോൺഗ്രസിനുള്ളിൽ തന്നെ ഇരു പക്ഷവും രാഷ്ട്രീയ യുദ്ധത്തിലേക്ക് നീങ്ങുകയാണ്.
മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവയ്ച്ചിറങ്ങണമെന്നും തുടർന്നുള്ള കാലാവധിയിൽ ശിവകുമാറിനെ ആ സ്ഥാനത്തേക്ക് നിയമിക്കണമെന്നുമാണ് കോൺഗ്രസിലെ ഒരു പക്ഷത്തിന്റെ ആവശ്യം. ഏകദേശം നൂറോളം എംഎൽഎമാർക്ക് ഇത് തന്നെയാണ് അഭിപ്രായമെന്നും മാറ്റത്തിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു കോൺഗ്രസ് എംഎൽഎ ഇക്ബാൽ ഹുസൈൻ പറഞ്ഞത്. എന്നാൽ അധികാരം വിട്ടിറങ്ങാൻ മറുപക്ഷവും തയാറാകുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തിനായി അധികാരത്തർക്കം നിലനിൽക്കുന്ന സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വം ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാനാവുന്നില്ല.
കോൺഗ്രസ് എംഎൽഎമാരുമായി നേരിട്ട് കൂടിക്കാഴ്‌ച നടത്താൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ്‌സിങ് സുർജേവാല തിങ്കളാഴ്ച എത്തിയിരുന്നു. രഹസ്യ യോഗത്തിന് ശേഷം മുഖ്യമന്ത്രിയെ മാറ്റില്ല എന്ന നിലപാടിലാണ് കോൺഗ്രസ് പാർടി. എന്നാൽ എംഎൽഎമാരുടെ കൂട്ട രാജി ഒഴിവാക്കാൻ മന്ത്രി സഭാ പുനഃസംഘടനയും, പാർടി നേതൃത്വ ഘടനയിലെ മാറ്റങ്ങളും പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.
സർക്കാരിനെതിരെ മുതിർന്ന നേതാക്കളും എംഎൽഎമാരും ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഭരണസംവിധാനം പൂർണമായി തകർന്നെന്ന് രാജു കാഗെ എംഎൽഎയും ആരോപിച്ചു. തുടർന്ന് രാജിഭീഷണി മുഴക്കിയിരുന്നു. വമ്പൻ അഴിമതിയാണ് പുറത്തുവന്നതെന്നും സിദ്ധരാമയ്യ രാജിവയ്‌ക്കണമെന്നും ബിജെപിയും ജെഡിഎസും ആവശ്യപ്പെട്ടു.
പ്രതിസന്ധി രൂക്ഷമായതോടെ ഡൽഹിയിൽ സിദ്ധരാമയ്യ ഹൈക്കമാൻഡുമായി ചർച്ച നടത്തിയശേഷം എംഎൽഎമാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു. എംഎൽഎമാരെ വിശ്വാസത്തിലെടുത്ത് പ്രശ്‌നം പരിഹരിക്കണമെന്നും പരസ്യപ്രസ്‌താവനകൾ ഉണ്ടാകരുതെന്നും നേതൃത്വം സിദ്ധരാമയ്യയോടും നിർദേശിച്ചു.
അടിമുടി അഴിമതി ആരോപണത്തിൽ മുങ്ങി നിൽക്കുകയാണ് കർണാടകത്തിലെ കോൺഗ്രസ് സർക്കാർ. കോൺഗ്രസ് നേതാക്കൾതന്നെ സർക്കാരിനെതിരെ പരസ്യമായി രംഗത്തുവരുന്നുണ്ട്. രാജീവ് ഗാന്ധി ഹൗസിങ് കോർപ്പറേഷൻ ലിമിറ്റഡിന് കീഴിൽ വീട് അനുവദിക്കുന്നതിലെ അഴിമതി, മുഡ അഴിമതി, വാല‍്മീകി കോർപ്പറേഷൻ അഴിമതി തുടങ്ങി നിരവധി ആരോപണങ്ങളിൽ ഉത്തരമില്ലാതെ നിൽക്കുകയാണ് കോൺഗ്രസ് ഭരിക്കുന്ന സർക്കാർ. ആ സാഹചര്യത്തിൽ അധികാര തർക്കം കൂടി കടുത്തതോടെ സർക്കാരിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.









0 comments