സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അഭിജിത് ദിപ്കെ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർടി(സിജെപി)യുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതിനെതിരെ സ്ഥാപകൻ അഭിജിത് ദിപ്കെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ, സിജെപിക്കെതിരെ സുപ്രീം കോടതിയിൽ ചില അഭിഭാഷകർ ഹർജി നൽകിയിരുന്നു. കോടതി നടപടികളുടെ തെറ്റായ പ്രചാരണവും വാണിജ്യവൽക്കരണവും തടയണമെന്നായിരുന്നു ആവശ്യം. എന്നാൽ കോടതി ഇത് അത്ര വികാരപരമായി എടുക്കേണ്ടതില്ലെന്ന് പറഞ്ഞ് തള്ളുകയായിരുന്നു.
മെയ് 15ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ചില പരാമർശങ്ങളാണ് ഈ പ്രസ്ഥാനത്തിന് തിരികൊളുത്തിയത്. തൊഴിലില്ലാത്ത യുവാക്കളെ 'പാറ്റകൾ' എന്നും 'പരാദജീവികൾ' എന്നും അദ്ദേഹം വിളിച്ചിരുന്നു. ഇതിനെതുടർന്നാണ് സിജെപി കൂട്ടായ്മ രൂപംകൊണ്ടത്. തൊഴിലില്ലായ്മ, വിദ്യാഭ്യാസ നയങ്ങൾ, പരീക്ഷാ പേപ്പർ ചോർച്ച എന്നിവയ്‌ക്കെതിരെ ബോസ്റ്റൺ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ അഭിജീത് ദിപ്കെ തുടങ്ങിയ ഒരു ഓൺലൈൻ ആക്ഷേപഹാസ്യ പ്രസ്ഥാനമാണിത്.
ഇൻസ്റ്റാഗ്രാമിൽ 19 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ഈ ക്യാമ്പെയ്ൻ, ദിവസങ്ങൾക്കുള്ളിൽ രാജ്യത്തെ വലിയ ട്രെൻഡായി മാറി. താൻ വ്യാജ ബിരുദധാരികളെക്കുറിച്ചാണ് സംസാരിച്ചതെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തമാക്കിയെങ്കിലും, പ്രസ്ഥാനം 'കോക്രോച്ച് ജനതാ പാർടി' എന്ന പേരിൽ തുടർന്നു. സിജെപിയുടെ എക്‌സ് (ട്വിറ്റർ) അക്കൗണ്ടും ഇൻസ്റ്റാഗ്രാം പേജും ഹാക്ക് ചെയ്യപ്പെട്ടതായും തുടർന്ന് കേന്ദ്ര സർക്കാർ അവ ബ്ലോക്ക് ചെയ്തതായുമാണ് അഭിജീത് ദിപ്കെ പറയുന്നത്.
ദേശീയ സുരക്ഷാ കാരണങ്ങൾ പറഞ്ഞാണ് സർക്കാർ ഇവ ബ്ലോക്ക് ചെയ്തതെന്ന് പറയപ്പെടുന്നു. നിലവിൽ തങ്ങൾക്ക് സ്വന്തം പ്ലാറ്റ്‌ഫോമുകളിലേക്ക് ആക്‌സസ് ഇല്ലെന്നും, തന്റെ പേരിൽ വരുന്ന പോസ്റ്റുകൾ പാർടിയുടേതല്ലെന്നും ദിപ്കെ മുന്നറിയിപ്പ് നൽകി.










0 comments