1.2 കോടി മുടക്കി ക്ലൗഡ് സീഡിങ്; ഡൽഹിയിൽ കൃത്രിമ മഴ പരീക്ഷണം പാളി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങളെത്തുടർന്ന് വായുഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിലായ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള പരീക്ഷണം പാളി. ബുധനാഴ്‌ച കൃത്രിമ മഴ പെയ്യിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ രണ്ടുഘട്ടമായി ക്ലൗഡ് സീഡിങ് നടത്തിയെങ്കിലും മഴ പെയ്തില്ല. ബുരാരി, കരോൾബാഗ് മേഖലകളിലാണ് ക്ലൗഡ് സീഡിങ്ങിന്റെ ഭാഗമായി മഴ പെയ്യുമെന്ന് ഡൽഹി സർക്കാർ പറഞ്ഞത്. പരീക്ഷണം കഴിഞ്ഞ് 15 മിനുട്ട് മുതൽ നാല് മണിക്കൂർ വരെയുള്ള സമയത്ത് മഴ പെയ്യുമെന്നായിരുന്നു അവകാശവാദം. എന്നാൽ ഇൗ സമയത്തിനുള്ളിൽ മഴ പെയ്യാത്തതോടെ പരീക്ഷണം പാളി എന്ന വിലയിരുത്തലുണ്ടായി.
ഐഐടി കാൻപൂരിന്റെ നേതൃത്വത്തിലാണ് കൃത്രിമ മഴയ്ക്കുള്ള പ്രവർത്തനങ്ങൾ നടത്തിയത്. ഏകദേശം 3.21 കോടിരൂപയാണ് ആകെ കരാർ തുക. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് കരാർ കാലാവധി. സെസ്ന-206H വിമാനം മേഘങ്ങൾക്ക് മുകളിലൂടെ പറന്ന് സിൽവർ അയോഡൈഡ്, സോഡിയം ക്ലോറൈഡ് തുടങ്ങിയ രാസവസ്തുക്കൾ പുറത്തുവിട്ടു. എന്നാൽ പരീക്ഷണം ഫലം കണ്ടില്ല. ഖേക്ര, ബുരാരി, മയൂർ വിഹാർ ഉക്ൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടത്തിയത്.
അതേസമയം ഡൽഹിയിലെ വായുഗുണനിലവാര സൂചിക (എക്യുഐ) ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കേന്ദ്ര മലിനീകര നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് ഡൽഹിയിൽ വീണ്ടും എക്യുഐ 300ന് മുകളിൽ രേഖപ്പെടുത്തി. വായു മലിനീകരണം രൂക്ഷമായതോടെ രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ കൃത്രിമ മഴപെയ്യിക്കാൻ തീരുമാനിച്ചത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിൽ നിന്നും (IMD) ഡൽഹി സർക്കാരിന്റെ പരിസ്ഥിതി വകുപ്പിൽ നിന്നും അന്തിമ അനുമതി ലഭിച്ചതോടെയാണ് കൃത്രിമ മഴയ്ക്കായുള്ള പ്രവർത്തനങ്ങൾ നടത്തിത്. മുമ്പ് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലത്തും ഇതിനായി അനുമതി തേടിയിരുന്നു. എന്നാൽ പാരിസ്ഥിതിക ആഘാതവും മറ്റ് കാരണങ്ങളാലും കൃത്രിമ മഴ പെയ്യിക്കാനുള്ള അനുമതി കേന്ദ്രം നിഷേധിക്കുകയായിരുന്നു.










0 comments