തൊഴിൽകോഡുകൾ റദ്ദാക്കണം, മിനിമം വേതനവും ആനുകൂല്യങ്ങളും; സിഐടിയു പാർലമെന്റ് മാർച്ച് ഡിസംബർ ഒന്നിന്

ന്യൂഡൽഹി: തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയുവിന്റെ നേതൃത്വത്തിൽ ഡിസംബർ ഒന്നിന് പാർലമെന്റ് മാർച്ച് സംഘടിപ്പിക്കും. മാർച്ചിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഒരു ലക്ഷം തൊഴിലാളികൾ പങ്കെടുക്കും. പ്രതിമാസം 42,000 രൂപ മിനിമം വേതനം, 21,000 രൂപ പെൻഷൻ, നാല് തൊഴിൽ കോഡുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. ഒന്ന് മുതൽ മൂന്ന് വരെ പാർലമെന്റ് മാർച്ച് സംഘടിപ്പിക്കും. ആശാ, അങ്കണവാടി, സ്കൂൾ പാചകത്തൊഴിലാളികൾ ഉൾപ്പെടെ 50,000ത്തിലധികം വനിതാ തൊഴിലാളികൾ മാർച്ചിന് നേതൃത്വം നൽകും.
പ്രധാന ആവശ്യങ്ങൾ
തൊഴിൽകോഡുകൾ റദ്ദാക്കുക.
സ്കീം വർക്കർമാർമാരെയും തൊഴിലാളികളായി അംഗീകരിക്കുക. അവർക്ക് മിനിമം വേതനം, ഇപിഎഫ്, ഇഎസ്ഐ, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ ഉറപ്പാക്കുക.
എല്ലാ തൊഴിലാളികൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും 42,000 രൂപ മിനിമം വേതനം.
പ്രതിമാസം 21,000 രൂപ സാർവത്രിക പെൻഷൻ.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക.
പൊതുമേഖലാ സ്ഥാപനങ്ങളിലെയും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലെയും ഒഴിവുകൾ നികത്തുക.
സ്ഥിരസ്വഭാവമുള്ള ജോലി തുടർച്ചയായി ചെയ്തുപോരുന്ന കരാർ/അസ്ഥിര തൊഴിലാളികളെ സ്ഥിരപ്പെടുത്തുക. സ്ഥിരപ്പെടുത്തുന്നത് വരെ അവരുടെ വേതനം അതേ തൊഴിൽ ചെയ്യുന്ന സ്ഥിരം ജീവനക്കാരുടെ വേതനത്തിന് തുല്യമാക്കുക.
തൊഴിൽ അപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷാനടപടിക്രമങ്ങളുടെ ലംഘനങ്ങൾ തടയുക. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് എതിരെ കർശന നടപടി എടുക്കുക.
ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളും പ്രതിഷേധങ്ങളും കുറ്റകരമാക്കാനുള്ള നീക്കങ്ങൾ ഉപേക്ഷിക്കുക.
വെള്ളം, വനം, ഭൂമി എന്നിവയിൽ ജനങ്ങളുടെ അവകാശം സംരക്ഷിക്കുക. പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കുക.
നിയമവിരുദ്ധമായ ഭൂമി തട്ടിപ്പറിക്കലുകൾ തടയുക.
കുടിയൊഴിക്കപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരവും തൊഴിലും നൽകുക
അതിസമ്പന്നർക്ക് 10 ശതമാനം സമ്പത്ത് നികുതിയും 33 ശതമാനം അനന്തരാവകാശ നികുതിയും ഏർപ്പെടുത്തുക.
ആശാ, അങ്കണവാടി, സ്കൂൾ പാചകത്തൊഴിലാളികളെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കുക.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) പിൻവലിക്കുക
സാമ്പത്തിക വിദഗ്ധൻ പ്രഭാത് പട്നായിക് ചെയർമാനും സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം കൺവീനറുമായ സംഘാടകസമിതിയാണ് മാർച്ചിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. രാംലീല മൈതാനിയിൽനിന്ന് പാർലമെന്റിലേക്കാണ് മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.








0 comments