ad
Deshabhimani

60 ശതമാനം സീറ്റുകൾക്ക് അധിക നിരക്ക് ഈടാക്കരുത്; വിമാനക്കമ്പനികൾക്ക് കേന്ദ്ര നിർദ്ദേശം

Flight ticket.jpg
വെബ് ഡെസ്ക്

Published on Mar 18, 2026, 12:29 PM | 1 min read

ന്യൂഡൽഹി: ഓരോ വിമാനത്തിലും കുറഞ്ഞത് 60 ശതമാനം സീറ്റുകളെങ്കിലും സീറ്റ് സെലക്ഷൻ ഫീസില്ലാതെ യാത്രക്കാർക്ക് ലഭ്യമാക്കണമെന്ന് കേന്ദ്രം വിമാനക്കമ്പനികൾക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം.


സീറ്റ് തിരഞ്ഞെടുക്കുന്നതിന് വിമാനക്കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ യാത്രക്കാരിൽ നിന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് പുതിയ നടപടി. വിൻഡോ സീറ്റുകൾക്കും മുൻനിര സീറ്റുകൾക്കും വലിയ തുക ഈടാക്കുന്ന രീതി നിലവിലുണ്ട്.


ചില വിമാനങ്ങളിൽ ഭൂരിഭാഗം സീറ്റുകളും ഇത്തരത്തിൽ 'പെയ്ഡ് സീറ്റുകൾ' ആയി മാറ്റുന്നതിനെതിരെയാണ് വ്യോമയാന മന്ത്രാലയം രംഗത്തെത്തിയത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ വിമാനടിക്കറ്റ് നിരക്കുകൾ കൂടെ വർധിച്ചതോടെ യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.


യാത്രക്കാർക്ക് അധിക സാമ്പത്തിക ബാധ്യതയില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കണമെന്ന് ഡിജിസിഎ നേരത്തെയും വ്യക്തമാക്കിയിരുന്നു. വിമാനക്കമ്പനികൾ ലാഭം വർദ്ധിപ്പിക്കുന്നതിനായി സീറ്റ് തിരഞ്ഞെടുക്കലിലൂടെ നടത്തുന്ന കൊള്ളയ്ക്ക് പുതിയ നിയന്ത്രണം തടയിടുമെന്നാണ് കരുതുന്നത്.


ഇതോടെ വിമാനം ബുക്ക് ചെയ്യുന്ന സമയത്ത് 60 ശതമാനം സീറ്റുകളെങ്കിലും അധിക പണം നൽകാതെ തന്നെ യാത്രക്കാർക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ സാധിക്കുമെന്നാണ് മനസിലാകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home