print edition ആർഎസ്‌എസിന് ദുഷ്‌ടലാക്ക് , ഹിന്ദുരാഷ്‌ട്രമാക്കാൻ നീചശ്രമം : സിബിസിഐ

ന്യൂഡൽഹി
ആർഎസ്‌എസിന്റെ ശതാബ്‌ദി ആഘോഷ പരിപാടിയിൽ സർസംഘചാലക് മോഹൻ ഭാഗവത് നടത്തിയ പരാമർശങ്ങൾ ദുഷ്‌ടലാക്കോടെയെന്ന് കത്തോലിക്ക സഭ. ക്രൈസ്‌തവർ ആർഎസ്‌എസ്സിനെതിരെ ജാഗ്രത പുലർത്തണമെന്നും കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
ക്രൈസ്‌തവർ അഭിമാനബോധമുള്ള ഇന്ത്യക്കാരാണ്. ആർഎസ്‌എസ് മേധാവി പറഞ്ഞുപോലെ ഹിന്ദുക്കളല്ല. ഇന്ത്യ ഹിന്ദുരാഷ്‌ട്രമാണെന്ന പ്രസ്‌താവന തള്ളിക്കളയുന്നു. രാജ്യത്തിന്റെ പേര് ഹിന്ദുസ്ഥാൻ, ഹിന്ദ് എന്നിങ്ങനെ വേണമെന്ന ആവശ്യം സുപ്രീംകോടതിപോലും തള്ളിയതാണ്. ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാനുള്ള എല്ലാ നീചശ്രമങ്ങളെയും അതിശക്തമായി അപലപിക്കുന്നു.
ഇന്ത്യ എക്കാലത്തും പരമാധികാര ജനാധിപത്യ മതനിരപേക്ഷ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി തുടരും. ഭരണഘടനയുടെ നിലവിലെ സ്വഭാവം എന്തുവിലകൊടുത്തും സംരക്ഷിക്കാൻ ഇന്ത്യക്കാരും പ്രത്യേകിച്ച് ക്രൈസ്‌തവരും ഭരണഘടയിൽ അധിഷ്‌ഠിതമായ നടപടികൾ സ്വീകരിക്കണം. 1982-ൽ കന്യാകുമാരിയിൽ ക്രൈസ്‌തവർക്കെതിരെ നടന്ന വർഗീയാക്രമണത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വേണുഗോപാൽ കമീഷൻ റിപ്പോർട്ടിൽ ആർഎസ്എസ്സിന്റെ ചരിത്രം വ്യക്തമാക്കുന്നുണ്ട്. ‘തീവ്രവാദപരവും ആക്രമണാത്മകവുമായ മനോഭാവമുള്ള ആർഎസ്‌എസ് ന്യൂനപക്ഷങ്ങൾക്കെതിരെ നിലകൊള്ളുകയും ഹിന്ദുക്കളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.
സ്വന്തം സ്ഥാനമെന്തെന്ന് ന്യൂനപക്ഷങ്ങളെ പാഠം പഠിപ്പിച്ച് ബോധ്യപ്പെടുത്തുന്നു. ക്രൈസ്‌തവർ രാജ്യത്തോട് കൂറില്ലാത്തവരാണെന്ന പ്രചാരണം ഭൂരിപക്ഷ സമുദായത്തിൽ പരത്തുക, ന്യൂനപക്ഷ ജനസംഖ്യ പെരുകുന്നുവെന്നും ഹിന്ദുക്കൾ കുറയുന്നുവെന്നും പ്രചരിപ്പിക്കുക, വർഗീയ ലക്ഷ്യങ്ങൾക്കായി സിവിൽ സർവീസിലും സർക്കാർ ഉദ്യോഗസ്ഥർക്കിടയിലും നുഴഞ്ഞുകയറുക, ഭൂരിപക്ഷ യുവാക്കൾക്ക് ആയുധ പരിശീലനം നൽകുക, നിസ്സാര സംഭവങ്ങളെപ്പോലും വർഗീയവൽക്കരിക്കുക എന്നിവയാണ് ആർഎസ്‌എസ് രീതി’–റിപ്പോർട്ട് ഉദ്ധരിച്ച് സിബിസിഐ പ്രസ്‌താവനയിൽ പറഞ്ഞു.









0 comments