കോടതി നിലപാട് കടുപ്പിച്ചു; കേന്ദ്ര സർക്കാർ നാടുകടത്തിയ ഗർഭിണിയെയും കുഞ്ഞിനെയും തിരികെ എത്തിക്കും

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗർഭിണിയായ സ്ത്രീയെയും അവരുടെ എട്ട് വയസ്സുള്ള മകനെയും തിരികെ കൊണ്ടുവരാമെന്ന് സുപ്രീം കോടതി മുമ്പാകെ സമ്മതിച്ച് കേന്ദ്ര സർക്കാർ.
കേന്ദ്ര സർക്കാരിന്റെ പൗരത്വ നടപടികളുടെ ഇരയായ അമ്മയെയും കുഞ്ഞിനെയും തിരികെ എത്തിക്കാൻ ആവശ്യപ്പെട്ടുളള കൽക്കത്ത ഹൈക്കോടതി ഉത്തരവ് പാലിക്കാമെന്നും സർക്കാർ സമ്മതിച്ചു.
കൽക്കത്ത ഹൈക്കോടതി നൽകിയ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അവധി ഹർജി നൽകിയിരുന്നു. ഇത് പരിഗണിക്കവെയാണ് അമ്മയെയും കുഞ്ഞിനെയും തിരികെ എത്തിക്കണമെന്ന് സുപ്രീം കോടതിയും ആവർത്തിച്ചത്. ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നതാണെന്ന് നിരീക്ഷിച്ചു.
സോണാലി ഖാത്തൂൻ എന്ന സ്ത്രീയെയും എട്ട് വയസായ മകനെയുമാണ് നുഴഞ്ഞു കയറ്റത്തിന്റെ പേരിൽ ഡൽഹിയിൽ വെച്ച് പിടികൂടി തടവിലാക്കി നാടുകടത്തിയത്. ഗർഭിണിയായ ഇവരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അവർക്ക് സൗജന്യ പരിചരണവും ആവശ്യമായ സൗകര്യങ്ങളും നൽകാമെന്നും കേന്ദ്രം കോടതിയിൽ സമ്മതിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കുഞ്ഞിന്റെ ദൈനംദിന പരിചരണം ഉറപ്പാക്കാനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ഹൈക്കോടതി പറഞ്ഞിട്ടും
സെപ്തംബറിലാണ് ഇവരെ തിരികെ കൊണ്ടുവരാൻ കൽക്കത്ത ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നത്. ഇത് ചോദ്യം ചെയ് കേന്ദ്ര സർക്കാർ പ്രത്യേക അവധി ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കയായിരുന്നു.
വാദം കേൾക്കലിനിടയിൽ തന്നെ, ഗർഭിണിയായ സ്ത്രീയെയും എട്ട് വയസ്സുള്ള മകനെയും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ തിരികെ കൊണ്ടുവരണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അമ്മയെയും കുഞ്ഞിനെയും വേർപെടുത്തരുതെന്നും ഓർമ്മപ്പെടുത്തി.
“മോശം മാതൃക സൃഷ്ടിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെ”ന്നാണ് ഇവരെ തിരികെ കൊണ്ടു വരുന്നതിന് എതിരെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞത്. കോടതി നിലപാട് കടുപ്പിച്ചതോടെ മാനുഷിക പരിഗണനകൾ മാത്രം മുൻനിർത്തി അമ്മയെയും കുഞ്ഞിനെയും ഔദ്യോഗിക മാർഗങ്ങളിലൂടെ തിരികെ കൊണ്ടുവരാമെന്ന് അറിയിച്ചു.
പിതാവിന്റെ പോരാട്ടം
പൗരത്വ നടപടികളുടെ ഭാഗമായുള്ള മെയ് രണ്ടിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തെത്തുടർന്നാണ് ഗർഭിണിയായ ഖാത്തൂനെയും മകനെയും പിടികൂടിയത്. വിശദീകരണം ഒന്നുമില്ലാതെ തടങ്കലിൽ പാർപ്പിച്ച് നാടുകടത്തി.
ജൂൺ 26 ന് ഇവരുടെ പിതാവ്, തന്റെ മകളെയും ചെറുമകനെയും മരുമകനെയും നിയമവിരുദ്ധമായി പിടികൂടി തടങ്കലിലാക്കി നാടുകടത്തിയതായി പരാതിയുയമായി ഹൈക്കോടതിയെ സമീപിച്ചു. പശ്ചിമ ബംഗാൾ സർക്കാരും കുടുംബത്തിനൊപ്പം നിന്നു.
താൻ പശ്ചിമ ബംഗാളിലെ സ്ഥിര താമസക്കാരനാണെന്നും മകളും മരുമകനും ജന്മനാ ഇന്ത്യൻ പൗരന്മാരാണെന്നും പിതാവ് ബോധിപ്പിച്ചു.
തന്റെ കുടുംബം പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണെന്നും ജോലിക്കും മെച്ചപ്പെട്ട ജീവിതത്തിനുമായി ഡൽഹിയിലേക്ക് മാറേണ്ടി വന്നതാണെന്നും ചൂണ്ടികാട്ടി.
എന്നാൽ നാടുകടത്തപ്പെട്ടവർ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കിയില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ നിലപാട്.
പിതാവിന്റെ വാദം കേട്ട കൽക്കത്ത ഹൈക്കോടതി അമ്മയെയും കുഞ്ഞിനെയും തിരികെ എത്തിക്കാൻ ഉത്തരവ് നൽകി. എങ്കിലും സർക്കാർ നടപടി എടുത്തില്ല.
ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിന് കേന്ദ്രത്തിനെതിരെ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചിരുന്നു.
ശേഖ് ഒരു ഇന്ത്യൻ പൗരനാണോ എന്ന് അന്വേഷിക്കാൻ ജസ്റ്റിസ് ബാഗ്ചി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. അങ്ങനെയെങ്കിൽ, ജീവശാസ്ത്രപരമായ ബന്ധം വഴി മകളെയും ചെറുമകനെയും ഇന്ത്യൻ പൗരന്മാരായി കണക്കാക്കാം എന്നും പറഞ്ഞു.
കേസിൽ ഡിസംബർ 12 ന് കൂടുതൽ വാദം കേൾക്കാൻ കോടതി തീരുമാനിച്ചു.








0 comments