തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർഥിയുടെ മകൻ അപകടത്തിൽ മരിച്ചു

കാട്ടാക്കട (തിരുവനന്തപുരം): ആമച്ചലിൽ കെഎസ്ആർടിസി ബസിനടിയിലേക്ക് തെറിച്ച് വീണു യുവാവിന് ദാരുണാന്ത്യം.ഒറ്റശേഖരമംഗലം സ്വദേശിയും എൽഡിഎഫ് സ്ഥാനാർഥിയും ആയ സുനിതയുടേയും പരേതനായ ചന്ദ്രന്റേയും മകൻ അഭിജിത്തിന്(23) ആണ് മരിച്ചത്. വീട്ടിൽ നിന്നും ജോലി സ്ഥലമായ മുരള്യ പാൽ കമ്പനിയിലേക്ക് പോകവേയാണ് അപകടം.
രാവിലെ 5:30 ഓടെ മണ്ഡപത്തിൻകടവ് നിന്നും കാട്ടാക്കടയിലെ മുരള്യ പാൽ കമ്പനിയിലേക്ക് പോവുകയായിരുന്നു അഭിജിത്ത്. യാത്രാ മധ്യേ ആണ് അപകടത്തിൽ പെട്ടത്. ആമച്ചൽ മുസ്ലിം പള്ളിക്ക് സമീപം കാൽനടയാത്രക്കാരിയുടെ കയ്യിൽ തട്ടി നിയന്ത്രണംവിട്ട് ബൈക്ക് മറിയുകയായിരുന്നു. ബൈക്ക് വശത്തേക്കും അഭിജിത്ത് ബസിനടിയിലേക്ക് വീഴുകയായിരുന്നു.
ബസിൻ്റെ പിൻചക്രം കയറിയിറങ്ങി അഭിജിത്ത് തൽക്ഷണം മരിച്ചു. കാൽനട യാത്രക്കാരി കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. ഒറ്റശേഖരമംഗലം പഞ്ചായത്തിലെ മണ്ഡപത്തിൻകടവ് വാർഡിലാണ് സുനിത മത്സരിക്കുന്നത്. കാട്ടാക്കട ഡിപ്പോയിൽ നിന്നും പ്ലാംപഴിഞ്ഞിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സിനടിയിലേക്കാണ് അഭിജിത്ത് തെറിച്ചു വീണത്.








0 comments