മഹാരാഷ്ട്ര നിയമസഭയ്ക്കും ബോംബെ ഹൈക്കോടതിക്കും ബോംബ് ഭീഷണി; മുംബൈയിൽ അതീവ ജാഗ്രത

മുംബൈ: മഹാരാഷ്ട്ര നിയമസഭയ്ക്കും ബോംബെ ഹൈക്കോടതിക്കും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനും നേരെ ബോംബ് ഭീഷണി. വ്യാഴാഴ്ച പുലർച്ചെ നിയമസഭയുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. നിയമസഭയുടെ ബജറ്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെയാണ് സംഭവം.
ഇതേത്തുടർന്ന് മുംബൈ നഗരത്തിൽ സുരക്ഷ ശക്തമാക്കി. നിയമസഭ മന്ദിരം, ബോംബെ ഹൈക്കോടതി, ബിഎസ്ഇ, ഒരു പ്രമുഖ ബാങ്ക് എന്നിവിടങ്ങളിൽ ഉൾപ്പെടെ അഞ്ചിടങ്ങളിൽ ബോംബ് സ്ഫോടനവും മിസൈൽ ആക്രമണവും നടത്തുമെന്നാണ് ഇമെയിലിൽ പറയുന്നത്.
പുലർച്ചെ 6.57-ന് സന്ദേശം ലഭിച്ച ഉടൻ തന്നെ സുരക്ഷാ ഏജൻസികൾ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും ഡോഗ് സ്ക്വാഡും നിയമസഭാ മന്ദിരത്തിൽ വിശദമായ തിരച്ചിൽ നടത്തി. ഭീഷണിയെത്തുടർന്ന് നിയമസഭയിലെ ജീവനക്കാരോട് താൽക്കാലികമായി പുറത്തിറങ്ങാൻ ആവശ്യപ്പെട്ടിരുന്നു.
പരിശോധനയ്ക്ക് ശേഷം ഭീഷണി വ്യാജമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം അറിയിച്ചു. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ സൈബർ സെൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം, ഭീഷണിയുടെ പശ്ചാത്തലത്തിൽ സഭാനടപടികൾ നിർത്തിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നിയമസഭാ മന്ദിരത്തിലും പരിസരത്തും പരിശോധന പൂർത്തിയാക്കുന്നതിനായി സഭ ഒരു ദിവസത്തേക്ക് പിരിയണമെന്നും സമ്മേളന കാലാവധി ഒരു ദിവസം കൂടി നീട്ടണമെന്നും ശിവസേന എംഎൽഎ മിലിന്ദ് നർവേക്കർ ആവശ്യപ്പെട്ടു. ബജറ്റ് സമ്മേളനം നടക്കുന്നതിനാൽ അതീവ ഗൗരവത്തോടെയാണ് പൊലീസ് സംഭവത്തെ കാണുന്നത്.










0 comments