ശിവകുമാറിന്റെ പ്രസ്‌താവനയുടെ പേരില്‍ കോലാഹലം: സഭ സ്‌തംഭിപ്പിച്ച് ഭരണപക്ഷം


സ്വന്തം ലേഖകൻ
Published on Mar 25, 2025, 12:00 AM | 1 min read
ന്യൂഡൽഹി : മുസ്ലിം സംവരണവുമായി ബന്ധപ്പെട്ട കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിന്റെ പ്രസ്‌താവനയുടെ പേരിൽ പാർലമെന്റ് സ്‌തംഭിപ്പിച്ച് ഭരണപക്ഷം. സംവരണത്തിന് വേണ്ടി ഭരണഘടന മാറ്റാൻ മടിക്കില്ലെന്ന് ശിവകുമാർ പ്രസ്‌താവിച്ചെന്ന് ആരോപിച്ച് ലോക്‌സഭയിലും രാജ്യസഭയിലും ഭരണപക്ഷ അംഗങ്ങൾ ബഹളംവച്ചു. ഭരണഘടനാപദവി വഹിക്കുന്ന നേതാവിന്റെ പ്രസ്‌താവനയിൽ കോൺഗ്രസ് വിശദീകരണം നൽകണമെന്ന് മന്ത്രി കിരൺ റിജിജു രാജ്യസഭയിൽ ആവശ്യപ്പെട്ടു.
അംബേദ്‌കർ തയ്യാറാക്കിയ ഭരണഘടനയെ മാറ്റാൻ ആർക്കും കഴിയില്ലെന്നും പ്രസ്‌താവന ബിജെപി വളച്ചൊടിക്കുകയാണെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. ബിജെപി അംഗങ്ങൾ മുദ്രാവാക്യങ്ങളുയർത്തിയതോടെ രാജ്യസഭ പകൽ രണ്ടുവരെ പിരിഞ്ഞു. ലോക്‌സഭയിലും ഭരണപക്ഷം കോലാഹലങ്ങളുണ്ടാക്കി. ജഡ്‌ജിയുടെ വീട്ടിൽ നിന്നും ‘നോട്ടുമല’ കണ്ടെത്തിയത് ഉൾപ്പടെ സുപ്രധാനവിഷയങ്ങളിൽ ചർച്ച നടക്കുന്നത് തടയാനാണ് ബിജെപി നീക്കമെന്നും ഭരണപക്ഷം സഭാനടപടി സ്‌തംഭിപ്പിക്കുന്നത് പുതിയ പ്രവണതയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജഡ്‌ജിയുടെ വസതിയിൽനിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവം ചർച്ച ചെയ്യാന്‍ വി ശിവദാസൻ ഉൾപ്പടെയുള്ളവർ നോട്ടീസ് നൽകിയിരുന്നു. യുപിയിൽ ആദിത്യനാഥ് സർക്കാരിന്റെ കീഴിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ച് ലോക്‌സഭയിൽ രാവിലെ സമാജ്‌വാദി പാർടി അംഗങ്ങൾ പോസ്റ്ററുകളുമായി എത്തിയത് സ്‌പീക്കർ ഓംബിർളയെ ചൊടിപ്പിച്ചു.
കോർപറേറ്റ് ലാളനം
തുറന്നുകാട്ടി പ്രതിപക്ഷം
കോർപറേറ്റുകളെ ലാളിക്കുന്ന കേന്ദ്രസർക്കാർ നികുതികളിലൂടെ സാധാരണക്കാരെ പിഴിയുകയാണെന്ന് പ്രതിപക്ഷം. ലോക്‌സഭയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ധനബില്ലുമായി ബന്ധപ്പെട്ട ചർച്ചയിലാണ് പ്രതിപക്ഷം കേന്ദ്രസർക്കാരിന്റെ കോർപറേറ്റ് അനുകൂല നയങ്ങൾക്ക് എതിരെ ആഞ്ഞടിച്ചത്. അതിസമ്പന്നരുടേത് ഉൾപ്പടെ 16 ലക്ഷം കോടി രൂപയുടെ നിഷ്‌ക്രിയാസ്‌തികൾ എഴുതിത്തള്ളിയ സർക്കാർ എത്രരൂപ തിരിച്ചുപിടിച്ചെന്ന് വിശദീകരിക്കണമെന്ന് അമ്രാറാം ആവശ്യ
പ്പെട്ടു.
ജിഎസ്‌ടിയിലൂടെ ഇന്ത്യ ലോകത്തെ ഏറ്റവും കൂടുതൽ നികുതിചുമത്തുന്ന രാജ്യങ്ങളിൽ ഒന്നായി മാറിയെന്ന് ശശിതരൂർ എംപി പറഞ്ഞു. നികുതി ഈടാക്കലിന്റെ പേരിൽ ഉദ്യോഗസ്ഥർക്ക് പൗരൻമാരെ നിരീക്ഷിക്കാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ടെന്ന് മഹുവാമൊയ്‌ത്ര പറഞ്ഞു.
ഓൺലൈൻ പരസ്യങ്ങൾക്കുള്ള ആറുശതമാനം ഡിജിറ്റൽ തീരുവ ഏപ്രിൽ ഒന്ന് മുതൽ ഒഴിവാക്കാനുള്ള നിർദേശം ധനബില്ലിലുണ്ട്. ഗൂഗിൾ, മെറ്റാ, എക്‌സ്, ആമസോൺ തുടങ്ങിയ കുത്തകകൾക്ക് സഹായകമാകുന്നതാണ് ഈ നടപടി.









0 comments