ad
Deshabhimani

print edition ബിജെപിയിൽ അഴിച്ചുപണി;
അബ്‌ദുള്ളക്കുട്ടി പുറത്ത്

Abdullakkutty.jpg
വെബ് ഡെസ്ക്

Published on Aug 18, 2026, 01:30 AM | 1 min read

ന്യൂഡൽഹി: ​ഉത്തർപ്രദേശ്‌, പഞ്ചാബ്‌ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട്‌ സംഘടനാതലത്തിൽ വൻ അഴിച്ചുപണിയുമായി ബിജെപി. മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ എ കെ ആന്റണിയുടെ മകനും എഐസിസി സമൂഹമാധ്യമ മുൻ കോഓർഡിനേറ്ററുമായ അനിൽ ആന്റണിയെ ദേശീയ സെക്രട്ടറിയായി നിലനിർത്തി.


മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും ദേശീയ സെക്രട്ടറിയാക്കി. എ പി അബ്‌ദുള്ളക്കുട്ടിയെ ദേശീയ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ ഒഴിവാക്കി. ഭാരവാഹി പട്ടികയിൽ ഉൾപ്പെടുമെന്ന്‌ പ്രതീക്ഷിച്ചിരുന്ന കുമ്മനം രാജശേഖരൻ, എം ടി രമേശ്‌, പി കെ കൃഷ്‌ണദാസ്‌, ശോഭാ സുരേന്ദ്രൻ, അനൂപ്‌ ആന്റണി, പി സി ജോർജ്‌, ഷോൺ ജോർജ്‌, പത്മജ വേണുഗോപാൽ തുടങ്ങിയവർ പരിഗണിക്കപ്പെട്ടില്ല. ഫണ്ട്‌ വെട്ടിപ്പ്‌ ഉൾപ്പടെയുള്ള ആരോപണങ്ങളുടെ പശ്‌ചാത്തലത്തിലാണ്‌ കേരളത്തിലെ നേതാക്കളെ കാര്യമായി പരിഗണിക്കാതിരുന്നത്.


കേന്ദ്രമന്ത്രി പിയൂഷ്‌ ഗോയലിനെ ട്രഷററായി നിയമിച്ചു. പല സംസ്ഥാനങ്ങളിലും സംഘടനാതലങ്ങളിൽ ഗുരുതര സാന്പത്തികക്രമക്കേടുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ട്രഷറർ പദവിയിലേക്ക് ഗോയലിന്റെ മടങ്ങിവരവ്‌. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധരാജെയെ ദേശീയ വൈസ്‌ പ്രസിഡന്റായി നിലനിർത്തി. ബി എൽ സന്തോഷ്‌ സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി തുടരും. ഐടി സെൽ അധ്യക്ഷൻ പദവിയിൽനിന്ന്‌ അമിത്‌ മാളവ്യയെ നീക്കി.


മുൻ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയെയും ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ്‌ കുമാർ ദേബിനെയും ദേശീയ ജനറൽ സെക്രട്ടറിമാരായും വർഷങ്ങളായി സംഘടനാചുമതലകളിൽനിന്ന്‌ അകറ്റിനിർത്തിയിരുന്ന മുൻ ജനറൽ സെക്രട്ടറി റാം മാധവിനെ ദേശീയ വൈസ്‌ പ്രസിഡന്റായും നിയമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home