ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ തിളച്ച എണ്ണയൊഴിച്ച് വികൃതമാക്കി; ഭർത്താവ് അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
ബംഗളൂരു: ബംഗളൂരുവിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ തിളച്ച എണ്ണയൊഴിച്ച് തൊലി അടർത്തിമാറ്റാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ.
ബിഹാർ സ്വദേശിയായ രഞ്ജിത് കുമാർ ഗുപ്തയാണ് ഭാര്യ ഗുഞ്ജ മദേശിയയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. മൈക്കോ ലേഔട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ബിലെക്കഹള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ദമ്പതികൾ രണ്ട് കുട്ടികളുമൊത്താണ് ബംഗളൂരുവിൽ താമസിച്ചിരുന്നത്. ഇവർ തമ്മിൽ നിരന്തരം വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച കുട്ടികൾ പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദമ്പതികൾ തമ്മിൽ വീണ്ടും തർക്കമുണ്ടായത്. തുടർന്ന് രഞ്ജിത് കുമാർ ഗുപ്ത ഭാര്യയെ കഴുഞുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹത്തിൽ തിളച്ച എണ്ണയൊഴിക്കുകയും തൊലി അടർത്തിമാറ്റാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം ഗുരുതരമായി വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.
കൃത്യത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് ഉടൻ തന്നെ പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം പ്രതി ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താൻ പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.









0 comments