വീട്ടുടമസ്ഥയെ കൊലപ്പെടുത്തി സ്വർണ മാലയുമായി മുങ്ങിയ ദമ്പതികള്‍ അറസ്റ്റില്‍

ബംഗളൂരു: വീട്ടുടമസ്ഥയെ കൊലപ്പെടുത്തി സ്വർണ മാലയുമായി മുങ്ങിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ ഉത്തരഹള്ളിയിലെ ന്യൂ മില്ലേനിയം സ്കൂൾ റോഡിലാണ് സംഭവം. മഹാരാഷ്ട്ര സ്വദേശികളായ പ്രസാദ് ശ്രീഷൈൽ മകായ്, ഭാര്യ സാക്ഷി ഹനുമന്ത് ഹോദ്ദൂർ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് 65 വയസ്സുള്ള ശ്രീലക്ഷ്മിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിലും ചുണ്ടിലും മുഖത്തും മുറിവുകളോടെയാണ് വീടിന്റെ ഹാളിലായി ശ്രീലക്ഷിയെ ഭർത്താവ് അശ്വത് നാരായണൻ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹം പൊലീസിനെ വിവമറിയിക്കുകയായിരുന്നു. അശ്വത് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
ടെലിവിഷൻ കാണാനെന്ന വ്യാജേനയാണ് ദമ്പതികൾ വീട്ടുടമയുടെ വീട്ടിലെത്തിയത്. തുടർന്ന്, ശ്രീലക്ഷ്മിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അവർ നിലവിളിക്കാതിരിക്കാൻ തലയണ ഉപയോഗിച്ച് ശബ്ദം അടക്കിയെന്നും ചെറുത്തുനിൽപ്പിനെ തുടർന്ന് മർദ്ദിച്ചെന്നും പൊലീസ് പറഞ്ഞു.
മരിച്ചു കിടക്കുന്ന ശ്രീലക്ഷിയുടെ ശരീരത്തിൽ സ്വർണം ഇല്ലായിരുന്നു. പൊലീസ് സ്ഥലത്തെത്തി വിശദമായി നടത്തിയ അന്വേഷണത്തിൽ മുകളിൽ താമസിക്കുന്ന ദമ്പതികളെ കാണാതായതായി കണ്ടെത്തി. തുടർന്ന് ഇവർക്കായി നടത്തിയ അന്വേഷത്തിലാണ് വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികൾ ശ്രീലക്ഷിമിയെ കൊലപ്പെടുത്തിയ ശേഷം സ്വർണ മാലയുമായി കടന്നുകളഞ്ഞതാണെന്ന് കണ്ടെത്തുന്നത്.








0 comments