Deshabhimani

വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് കോടികളുടെ സാമ്പത്തിക തട്ടിപ്പ്: 6 പേർ അറസ്റ്റിൽ

arrest
വെബ് ഡെസ്ക്

Published on Nov 03, 2026, 07:21 AM | 1 min read

ഗുവാഹത്തി: വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘത്തിലെ ആറുപേരെ അസം പൊലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറ്റം ചെയ്യാൻ പ്രവർത്തിച്ച ശൃംഖലയ്ക്ക് പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകളുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.


തേസ്പൂരിലെ മിലിട്ടറി ഇന്റലിജൻസിൽ നിന്നുള്ള രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സോനിത്പൂർ പോലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്നാണ് കേസ് എസ്ടിഎഫ് ഏറ്റെടുത്തത്. ഗുവാഹത്തി സ്വദേശിനിയായ മർജിന ബീഗത്തിന്റെ എസ്ബിഐ അക്കൗണ്ടിൽ ജൂൺ 22 നും ഓഗസ്റ്റ് 5 നും ഇടയിൽ ലക്ഷക്കണക്കിന് രൂപയുടെ സംശയാസ്പദമായ ഇടപാടുകൾ നടന്നു. തുക അക്കൗണ്ടിൽ എത്തിയ ഉടൻ തന്നെ പിൻവലിക്കുകയായിരുന്നു.


ഒക്ടോബർ 28-ന് മർജിന ബീഗം, മോഫിജുൽ ഹഖ് (22), ഹിമാങ്ഷു ദാസ് (19) എന്നിവരെ പോലീസ് പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ ഒക്ടോബർ 29, 30 തീയതികളിലായി റക്കീബ് ഹുസൈൻ (34), ഇഫ്താർ ഹുസൈൻ (25), അർമാൻ അസൂസ് ഹൊഖ് (20) എന്നിവരെയും ഗുവാഹത്തിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു.


ഇവരിൽ നിന്ന് മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ബാങ്ക് പാസ്ബുക്കുകൾ, എടിഎം കാർഡുകൾ, മറ്റ് നിർണായക രേഖകൾ എന്നിവ പോലീസ് പിടിച്ചെടുത്തു.കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ഇവർ തട്ടിപ്പ് നടത്തിവരികയായിരുന്നു. അസമിന് പുറത്തുള്ള പ്രധാന സൂത്രധാരനാണ് ഈ ശൃംഖലയെ നിയന്ത്രിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home