ഐടിയു ബാങ്കിൽ വൻ ക്രമക്കേടെന്ന് ഫൊറൻസിക് റിപ്പോർട്ട്

തൃശൂർ
കോൺഗ്രസ് ഭരണത്തിലിരിക്കെ ആർബിഐ പിരിച്ചുവിട്ട ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ വൻ സാന്പത്തിക ക്രമക്കേട് നടന്നതായി ഫൊറൻസിക് ഓഡിറ്റ് റിപ്പോർട്ട്. വായ്‌പ അനുവദിക്കുന്നതിലും നടപടിക്രമങ്ങൾ പാലിക്കുന്നതിലും കടുത്തവീഴ്ചകൾ സംഭവിച്ചു. ഒരു കോടിക്ക് മുകളിൽ വായ്‌പ അനുവദിച്ച അഞ്ച് ഫയലുകൾ പ്രാഥമികമായി പരിശോധിച്ചതിൽത്തന്നെ 50 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായാണ് സൂചന.
ഇതേത്തുടർന്ന് ഭരണസമിതിയംഗങ്ങളും ജീവനക്കാരും ഉൾപ്പെടെ 21 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. 21 ദിവസത്തിനകം മറുപടി നൽകണം. കെപിസിസി സെക്രട്ടറിയും ഇരിങ്ങാലക്കുട നഗരസഭാ ചെയർമാനുമായ എം പി ജാക്‌സൻ ചെയർമാനായ ബാങ്ക് ഭരണസമിതിയെ സാന്പത്തിക ക്രമക്കേടുകളെത്തുടർന്ന് ആർബിഐ പിരിച്ചുവിട്ടിരുന്നു. ആർബിഐ നിയോഗിച്ച അഡ്മിനിസ്ട്രേറ്ററും ഉപദേശകസമിതിയും രൂപീകരിച്ച ബാങ്കിന്റെ ഫ്രോഡ് ഐഡന്റിഫിക്കേഷൻ കമ്മിറ്റി ഫൊറൻസിക് ഓഡിറ്റ് പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
അഞ്ച് കോടി കിട്ടാക്കടമായി നിലനിൽക്കെ അതേവ്യക്തിക്ക് വീണ്ടും 1.25 കോടിരൂപ വായ്‌പയായി നൽകിയ ബ്രാഞ്ച് മാനേജർക്കും കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇൗ വായ്പാ അക്കൗണ്ടുകൾ "തട്ടിപ്പ്’ എന്ന് തരംതിരിച്ച് ആർബിഐയെ അറിയിക്കണമെന്ന നിയമം പാലിച്ചില്ല. ബാങ്കിനുണ്ടായ നഷ്ടങ്ങൾ ഈടാക്കുമെന്നും ക്രിമിനൽ നടപടി നേരിടേണ്ടി വരുമെന്നും നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്.
365 വായ്‌പാ ഫ-യലുകൾ ഒരു കോടിക്ക് മുകളിലുള്ളവയാണ്. 500 ഫയലുകളിൽ 482 കോടി രൂപ വായ്‌പ അനുവദിച്ചതിന് ഭൂമികൾ ബാങ്ക് പിടിച്ചെടുത്തു. എന്നാൽ ഇൗട് നൽകിയ ഭൂമികൾക്കാവശ്യമായ മൂല്യമില്ലെന്ന് ആർബിഐ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ബാങ്കിൽനിന്ന് മൂന്നുകോടി വായ്‌പ അനുവദിച്ചത് തമിഴ്‌നാട് സ്വദേശിയുടെ പേരിൽ വ്യാജരേഖ ചമച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇൗ വായ്‌പാതുകയിൽ 80 ലക്ഷം നേരിട്ട് പണമായി അനുവദിച്ചു. ഇൗ വായ്‌പയിൽ തിരിച്ചടവുണ്ടായിട്ടില്ല. പണം നഷ്ടപ്പെട്ട നിക്ഷേപകർ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് ഡെപ്പോസിറ്റേഴ്‌സ് വെൽഫെയർ അസോസിയേഷൻ രൂപീകരിച്ച് പ്രക്ഷോഭത്തിലാണ്. ഏഴായിരത്തോളം നിക്ഷേപകർക്കായി 460 കോടി തിരിച്ചുകിട്ടാനുണ്ട്.








0 comments