അസം വെള്ളത്തിനടിയിൽ; ബാധിച്ചത് 5.6 ലക്ഷത്തിലധികം ആളുകളെ

photo credit: pti
ഗുവാഹത്തി/മോറിഗാവ്: അസമിൽ വെള്ളപ്പൊക്കത്തെതുടർന്ന് സ്ഥിതഗതികൾ മോശമായി തുടരുകയാണെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ. 16 ജില്ലകളിലായി 5.6 ലക്ഷത്തിലധികം ആളുകൾ വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നതായി വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അസമിൽ മാത്രം മരിച്ചവരുടെ എണ്ണം 21 ആയി. വ്യാഴാഴ്ച രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തു.
വെള്ളിയാഴ്ച സംസ്ഥാനത്തെ 18 ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മിന്നലിനും സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്തുള്ള മൂന്ന് ജില്ലകളെയാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ചത്.
16 ജില്ലകളിലായി 57 റവന്യൂ സർക്കിളുകളും 1,406 ഗ്രാമങ്ങളും വെള്ളത്തിനടിയിലാണെന്ന് അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എഎസ്ഡിഎംഎ) പറഞ്ഞു. 5,61,644 പേരെ വെള്ളപൊക്കം ബാധിച്ചിട്ടുണ്ട്. 175 ദുരിതാശ്വാസ ക്യാമ്പുകളിലായി 41,000-ത്തിലധികം ആളുകളെ മാറ്റിപാർപ്പിച്ചു.
ബ്രഹ്മപുത്ര, കോപിലി നദികളിലെ ജലനിരപ്പ് ഉയർന്നത് പോബിതോറ വന്യജീവി സങ്കേതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മോറിഗാവ് ജില്ലയിലെ പോബിറ്റോറ വന്യജീവി സങ്കേതത്തിന്റെ 70 ശതമാനത്തോളം വെള്ളത്തിനടിയിലാണ്. ബ്രഹ്മപുത്ര, കൊഹോറ നദികളിൽ ജലം ഉയർന്നത് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലെ സ്ഥലമായ കാസിരംഗ ദേശീയോദ്യാനത്തിനെ വെള്ളത്തിനടിയിലാക്കിയതായും റിപ്പോർട്ടുണ്ട്.
മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി വനം വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, ഭക്ഷണം നൽകൽ, വേട്ടക്കാർ സാഹചര്യം മുതലെടുക്കുന്നില്ലെന്ന് ഉറപ്പാക്കൽ എന്നിവ ഇതിന്റെ ഭാഗമായി നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.









0 comments