അസമിലെ വെള്ളപ്പൊക്കം; 2.6 ലക്ഷത്തോളം പേർ ദുരിതത്തിൽ

ഗുവാഹത്തി: അസമിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. ആറ് ജില്ലകളിലായി 2.6 ലക്ഷത്തോളം ആളുകൾ വെള്ളപ്പൊക്കത്തിന്റെ ദുരിതമനുഭവിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മിക്ക ഭാഗങ്ങളിലും മഴ പെയ്തിട്ടില്ലെന്നും വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെല്ലാം വെള്ളം ഇറങ്ങിക്കൊണ്ടിരുന്നുവെന്നും അസം ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു.
വെള്ളപ്പൊക്കത്തിൽ കാംരൂപ് ജില്ലയിൽ മൂന്ന് പേർ കൂടി മരിച്ചതായി എഎസ്ഡിഎംഎ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. അതോടെ ഈ വർഷത്തെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 26 ആയി ഉയർന്നു.
അസമിലെ ശ്രീഭൂമിയിലാണ് ഏറ്റവും കൂടുതൽ പേർ ദുരിതമനുഭവിക്കുന്നത്. 1.62 ലക്ഷത്തിലധികം ആളുകളാണ് ഇവിടെ കുടുങ്ങിയത്. തൊട്ടുപിന്നാലെ ഹൈലകണ്ടിയിൽ ഏകദേശം 52,000 ഉം കാച്ചറിൽ 36,000 ത്തിലധികം പേരും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ 741 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണെന്നും 6,311.16 ഹെക്ടർ കൃഷിഭൂമി നശിച്ചതായും അസമിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസമിലെ പല ജില്ലകളിലും വെള്ളപ്പൊക്കത്തിൽ തടയണകൾ, റോഡുകൾ, പാലങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തകർന്നിട്ടുണ്ട്.









0 comments