അസം നിയമസഭയിൽ നിസ്കാര സമയം ഒഴിവാക്കി; തീരുമാനം സ്വാഗതാർഹമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: 90 വർഷത്തിലേറെ പഴക്കമുള്ള സമ്പ്രദായം അവസാനിപ്പിച്ച് അസം നിയമസഭ. മുസ്ലീം നിയമസഭാംഗങ്ങൾക്ക് വെള്ളിയാഴ്ചകളിൽ നിസ്‌കരിക്കാൻ വേണ്ടി രണ്ട് മണിക്കൂർ ഇടവേള നൽകുന്ന രീതിയിലാണ് അസം നിയമസഭ മാറ്റം കൊണ്ടുവന്നത്.
നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തിലാണ് നിസ്‌കാരസമയം നിർത്തലാക്കിയത്. സഭയുടെ ആഗസ്തിലെ അവസാന സമ്മേളനത്തിലാണ് ഇടവേള ഒഴിവാക്കാൻ തീരുമാനിച്ചത്. ഈ സമ്മേളനത്തിൽ നിന്ന് അത് നടപ്പിലാക്കി. പുതിയ നീക്കത്തിനെതിരെ പ്രതിപക്ഷ എംഎൽഎമാർ അതൃപ്‌തി പ്രകടിപ്പിച്ചു. അംഗബലത്തിന്റെ അടിസ്ഥാനത്തിൽ ബിജെപി അടിച്ചേൽപ്പിക്കുന്ന തീരുമാനമാണ് ഇതെന്ന് എഐയുഡിഎഫ് എംഎൽഎ റഫീഖുൽ ഇസ്ലാം പറഞ്ഞു.
"നിയമസഭയിൽ ഏകദേശം 30 മുസ്ലീം എംഎൽഎമാരുണ്ട്. ഈ നീക്കത്തിനെതിരെ ഞങ്ങൾ ഞങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരുന്നു. പക്ഷേ, അവർക്ക് (ബിജെപിക്ക്) അംഗബലമുണ്ട്, അതിന്റെ അടിസ്ഥാനത്തിലാണ് അവർ അത് അടിച്ചേൽപ്പിക്കുന്നത്," റഫീഖുൽ ഇസ്ലാം പറഞ്ഞു. 90 വർഷത്തിലേറെ പഴക്കമുള്ള ഈ സമ്പ്രദായം നിർത്തലാക്കാൻ തീരുമാനം കഴിഞ്ഞ വർഷം ആഗസ്‌തിൽ സ്പീക്കറുടെ നേതൃത്വത്തിലുള്ള സഭയുടെ നിയമ സമിതി എടുത്തിരുന്നു. 1937-ൽ മുസ്ലീം ലീഗിന്റെ സയ്യിദ് സാദുള്ള അവതരിപ്പിച്ച ഒരു സമ്പ്രദായമാണിതെന്നും നിയമസഭയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.









0 comments