ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാൻ ശ്രമം; ചില ഭാഗങ്ങളിൽ ക്ലൗഡ് സീഡിംഗ് നടത്തി

PHOTO CREDIT: ANI
ന്യൂഡൽഹി: മോശം കാലാവസ്ഥയും വായുമലിനീകരണവും മറികടക്കാൻ കൃത്രിമ മഴപെയ്യിക്കാൻ ഡൽഹി സർക്കാർ. പുകമഞ്ഞ് നിയന്ത്രിക്കുന്നതിനായി ഡൽഹിയിലെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച ക്ലൗഡ് സീഡിംഗ് നടത്തി. ഐഐടി കാൻപൂരിന്റെ നേതൃത്വത്തിലാണ് കൃത്രിമ മഴയ്ക്കുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. ഏകദേശം 3.21 കോടിരൂപയാണ് കരാർ തുക.
ദീപാവലി ആഘോഷത്തിന് പിന്നാലെ വായുമലിനീകരണം അപകടകരമായ നിലയിലെത്തിയതോടെയാണ് കൃത്രിമ മഴ പെയ്യിക്കാൻ തീരുമാനമായത്. രാസ പ്രവർത്തനങ്ങളിലൂടെയാണ് പരീക്ഷണം നടത്തുന്നത്. ആദ്യ ട്രയലിന്റെ ഭാഗമായി സെസ്ന-206H വിമാനം മേഘങ്ങൾക്ക് മുകളിലൂടെ പറന്ന് സിൽവർ അയോഡൈഡ്, സോഡിയം ക്ലോറൈഡ് തുടങ്ങിയ രാസവസ്തുക്കൾ പുറത്തുവിട്ടു. രണ്ടാം ട്രയൽ വൈകിട്ട് അഞ്ചിന് നടക്കും.
ഖേക്ര, ബുരാരി, മയൂർ വിഹാർ ഉക്ൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടത്തിയത്. പരീക്ഷണം വിജയിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് കൃത്രിമ മഴ പെയ്യിച്ച് വായൂ മലിനീകരണം തടയാൻ ശ്രമിക്കുന്നത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിൽ നിന്നും (IMD) ഡൽഹി സർക്കാരിന്റെ പരിസ്ഥിതി വകുപ്പിൽ നിന്നും അന്തിമ അനുമതി ലഭിച്ചതോടെയാണ് കൃത്രിമ മഴയ്ക്കായുള്ള പ്രവർത്തനങ്ങൾ നടത്തിത്. മുമ്പ് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലത്തും ഇതിനായി അനുമതി തേടിയിരുന്നു. എന്നാൽ പാരിസ്ഥിതിക ആഘാതവും മറ്റ് കാരണങ്ങളാലും കൃത്രിമ മഴ പെയ്യിക്കാനുള്ള അനുമതി കേന്ദ്രം നിഷേധിക്കുകയായിരുന്നു.










0 comments