ad
Deshabhimani

അമിത്‌ ഷായുടെ യുസിസി പ്രഖ്യാപനം; എൻഡിഎയിൽ ഭിന്നത, വിയോജിപ്പ് അറിയിച്ച് ഘടകകക്ഷികൾ

amit shah
avatar
സ്വന്തം ലേഖകൻ

Published on Sep 16, 2026, 06:33 AM | 1 min read

ന്യൂഡൽഹി : അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പായി എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏക സിവിൽ കോഡ്‌ (യുസിസി) നടപ്പാക്കുമെന്ന ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ പ്രസ്‌താവന ഭരണമുന്നണിയിൽ ഭിന്നതകൾക്ക്‌ വഴിവെയ്‌ക്കുന്നു. ബിഹാറിലെ പ്രധാന ഘടകകക്ഷിയായ ജെഡിയുവും മറ്റൊരു ഘടകകക്ഷിയായ ചിരാഗ്‌ പസ്വാന്റെ എൽജെപിയും ഏകപക്ഷീയമായ യുസിസി നടപ്പാക്കൽ പ്രസ്‌താവനയോട്‌ വിയോജിപ്പ്‌ അറിയിച്ച്‌ രംഗത്തുവന്നു. ആന്ധ്രയിലെ ഘടകകക്ഷിയായ ടിഡിപി വിഷയത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്ന നിലപാടിലാണ്‌.


അടുത്ത വർഷം ആദ്യം ഉത്തർപ്രദേശ്‌ അടക്കം അഞ്ച്‌ സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന ഘട്ടത്തിലാണ്‌ അമിത്‌ ഷായുടെ വിവാദ പ്രസ്‌താവന. ജന്തർമന്തറിലെ വിദ്യാർഥി–യുവജന പ്രക്ഷോഭത്തിന്‌ മുന്നിൽ മുട്ടുമടക്കേണ്ടി വന്ന കേന്ദ്രസർക്കാരിനും ബിജെപിക്കും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ നിർണായകമാണ്‌. യുപിയിൽ ഏതുവിധേനയും ഭരണം നിലനിർത്തണമെന്ന നിർബന്ധം ബിജെപി നേതൃത്വത്തിനുണ്ട്‌. ഏറ്റവും വലിയ സംസ്ഥാനമായ യുപിയിൽ തോൽക്കുന്നത്‌ ദേശീയതലത്തിൽ കൂടുതൽ രാഷ്ട്രീയ തിരിച്ചടികൾക്ക്‌ വഴിവെയ്‌ക്കുമെന്ന ആശങ്കയാണ്‌ സംഘപരിവാറിനുള്ളത്‌.


അയോധ്യയിലെ രാമക്ഷേത്രം കൊള്ളയും മറ്റും യുപിയിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്‌. ഇ‍ൗ സാഹചര്യത്തിൽ വർഗീയ ധ്രുവീകരണം തീവ്രമാക്കുന്നതിനും ക്ഷേത്രം കൊള്ള അടക്കമുള്ള വിഷയങ്ങളിൽ നിന്ന്‌ ജനശ്രദ്ധ തിരിക്കുന്നതിനുമാണ്‌ യുസിസി വിഷയത്തിലേക്ക്‌ അമിത്‌ ഷാ നീങ്ങിയിട്ടുള്ളത്‌. എന്നാൽ എൻഡിഎയിൽ തന്നെ എതിർസ്വരങ്ങൾ ഉയർന്നതോടെ ഷായുടെ പ്രസ്‌താവന ബിജെപിക്ക്‌ തിരിച്ചടിയാവുകയാണ്‌.


ബിഹാറിൽ യുസിസി നീക്കത്തെ എതിർക്കുമെന്ന സൂചനയാണ്‌ ജെഡിയുവും എൽജെപിയും നൽകുന്നത്‌. ആന്ധ്രയിൽ ബിജെപിയുടെ യുസിസി അജൻഡ നടപ്പാക്കൽ എൻഡിഎയിലെ പ്രധാന ഘടകകക്ഷിയായ ടിഡിപിക്കും എളുപ്പമല്ല. ബിജെപി ഭരിക്കുന്ന മണിപ്പുരും അരുണാചലും അടക്കം വടക്കുകിഴക്കൻ സംസ്ഥാനങ്ങളും യുസിസി നീക്കത്തിനെതിരായി രംഗത്തുവരുമെന്ന്‌ തീർച്ചയാണ്‌. എൻഡിഎയിൽ ഭിന്നസ്വരങ്ങൾ ഉയർന്ന സാഹചര്യത്തിൽ അമിത്‌ ഷായുടെ ഏകപക്ഷീയമായ യുസിസി അടിച്ചേൽപ്പിക്കൽ പ്രഖ്യാപനം അനവസരത്തിലാണെന്ന അഭിപ്രായം ബിജെപി നേതൃത്വത്തിൽ ഒരു വിഭാഗത്തിനുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home