സസ്‌പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുക്കാതെ അംബേദ്‌ക്കർ സർവകലാശാല

സർവകലാശാലയിൽ എസ്എഫ്ഐ നേതൃത്വത്തിൽ നടന്ന പ്രതിഷേധം
അഖില ബാലകൃഷ്ണൻ
Published on Apr 22, 2025, 05:07 PM | 2 min read
ന്യൂഡൽഹി: അഞ്ച് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്ത് 11 ദിവസം പിന്നിട്ടിട്ടും തിരിച്ചെടുക്കാൻ കൂട്ടാക്കാതെ അംബേദ്‌ക്കർ സർവകലാശാല. റാഗിങ്ങിനെതിരെ പ്രതിഷേധിച്ചതിന് മാർച്ചിൽ പുറത്താക്കിയ മൂന്ന് വിദ്യാർഥികളുടെ സസ്‌പെൻഷൻ ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു. എന്നാൽ, ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച മറ്റു വിദ്യാർഥികൾ സസ്‌പെൻഷനിൽ തുടരുകയാണ്. അവസാന പാദ പരീക്ഷ അടുത്തിരിക്കെയാണ് മലയാളികളുൾപ്പെടെയുള്ള വിദ്യാർഥികളുടെ അക്കാദമിക ഭാവിയെ പോലും വകവയ്ക്കാതെയുള്ള സർവകലാശാല നടപടി.
ഐക്യദാർഢ്യവുമായി അധ്യാപകർ
വിദ്യാർഥികളെ തിരിച്ചെടുക്കണമെന്നും അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സർവകലാശാലകളിലെ അധ്യപകർ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അംബേദ്‌ക്കർ സർവകലാശാലയിൽ മാത്രമല്ല, രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാൻ കേന്ദ്രസർക്കാർ ഒരു ദശാബ്‌ദമായി ശ്രമിക്കുകയാണെന്ന് അധ്യാപകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
‘രാജ്യത്ത് ബിജെപി സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതിന്റെ അടിത്തറ ക്യാമ്പസുകളിൽ ഒരുക്കുകയാണ്. പ്രതിഷേധിച്ചാൽ ഉമർ ഖാലിദിനെ പോലെ നിങ്ങളും ജയിലിലാകും എന്ന ഭയം വിദ്യാർഥികളിൽ ഉണ്ടാക്കുകയാണെന്നും’ ഡൽഹി സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായ പ്രൊഫ. ആഭ ദേവ് ഹബീബ് പറഞ്ഞു. പ്രശ്നങ്ങൾ ഉന്നയിക്കുന്ന വിദ്യാർഥികളെ ശത്രുക്കളായാണ് അധികൃതർ കാണുന്നതെന്നും സസ്‌പെൻഡ് ചെയ്ത നടപടി ജനാധിപത്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും അമേരിക്കയിലെ ആംഹെസ്റ്റ് സർവകലാശാല പ്രൊഫസർ ജയതി ഘോഷ് അഭിപ്രായപ്പെട്ടു. ജാമിയയിലും ജെഎൻയുവിലും അംബേദ്‌ക്കർ സർവകലാശാലയിലും എല്ലായിടത്തും വിദ്യാർഥികളെ അടിച്ചമർത്തുകയാണെന്നും വിദ്യാർഥികൾക്ക് ഒപ്പം നിൽക്കുന്ന അധ്യപകരെയും പുറത്താക്കുകയാണെന്ന് ഡൽഹി സർവലാശാലയിലെ പ്രൊഫസർ അപൂർവാനന്ദ് പറഞ്ഞു. ജെഎൻയു അധ്യാപക സംഘടനാ പ്രതിനിധി ഡോ. പ്രദീപ് ഷിൻഡേ, ഡൽഹി സർവകലാശാല അധ്യാപകൻ പ്രൊഫ. അപൂർവാനന്ദ്, ജാമിയ മിലിയ സർവകലാശാല പ്രെഫ. രവീന്ദ്രൻ ഗോപിനാഥൻ എന്നിവരും സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികളും പത്രസമ്മേളനത്തിൽ സംസാരിച്ചു.
എബിവിപി റാഗിങ്ങിനെതിരെ പ്രതിഷേധിച്ചതിന് മാർച്ചിൽ മൂന്ന് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തത്. ഇതിനെതിരെ സമാധാനമായി പ്രതിഷേധിച്ച അഞ്ചു വിദ്യാർഥികളെ കൂടി സർവകലാശാല പുറത്താക്കി. സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്‌ചയിലേറെയായി വിദ്യാർഥികൾ നിരാഹാര സമരം തുടരുകയാണ്. പ്രതിഷേധത്തെ അവഗണിക്കുന്ന അധികൃതർ ചർച്ചയ്ക്ക് പോലും തയ്യാറാവുന്നില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. ബാരിക്കേഡുകൾ നിറച്ച് സർവകലാശാലയിലെ സഞ്ചാര സ്വാതന്ത്ര്യം അധികൃതർ തടഞ്ഞു. ഏപ്രിൽ 11ന് വൈസ് ചാൻസിലറെ കാണാനെത്തിയ വിദ്യാർഥികളെ പൊലീസ് മർദ്ദിച്ചിരുന്നു. പുരുഷ പൊലീസിന്റെ നേതൃത്വത്തിലാണ് പെൺകുട്ടികൾക്ക് നേരെ അതിക്രമം നടത്തിയത്. വിദ്യാർഥികളെ പിന്തുണച്ച അധ്യാപകന് അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നൽകി. സർവകലാശാല നടപടിക്കെതിരെ തിങ്കളാഴ്‌ച വിദ്യാർഥികൾ പഠിപ്പുമുടക്കി. ചർച്ച നടത്താമെന്ന് പറയുന്നതല്ലാതെ അധികൃതർ അതിന് തയ്യാറാകുന്നില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു.









0 comments