അങ്കണവാടി ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണം: കേന്ദ്രമന്ത്രിയെ കണ്ട് പ്രതിനിധി സംഘം


സ്വന്തം ലേഖകൻ
Published on Aug 06, 2025, 09:06 PM | 1 min read
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള അങ്കണവാടി ജീവനക്കാർ ദീർഘകാലമായി നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യവുമായി ഓൾ ഇന്ത്യാ ഫെഡറേഷൻ ഓഫ് അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് (എഐഎഫ്‌എഡബ്ല്യുഎച്ച് ) പ്രതിനിധികൾ കേന്ദ്ര വനിതാ– ശിശു വികസന വകുപ്പ് മന്ത്രിയെ സന്ദർശിച്ചു. ജോൺബ്രിട്ടാസ് എംപിക്ക് ഒപ്പമാണ് എഐഎഫഎഡബ്ല്യുഎച്ച് പ്രതിനിധി സംഘം മന്ത്രി അന്നപൂർണാദേവിയുമായി കൂടിക്കാഴ്‌ച്ച നടത്തിയത്.
അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി സ്ഥിരപ്പെടുത്തണം, അവരുടെ വേതനം പരിഷ്‌കരിക്കണം, ഗ്രാറ്റുവിറ്റിയും പെൻഷനും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും നടപ്പാക്കണം, അങ്കണവാടികളുടെ സ്വകാര്യവൽക്കരണ നീക്കത്തിൽ നിന്നും പിൻമാറണം, മറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട അമിതജോലിഭാരം ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണം–- തുടങ്ങി നിരവധി ആവശ്യങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചു.
പ്രതിനിധി സംഘത്തിന്റെ ആവശ്യങ്ങൾ കേട്ട മന്ത്രി ആവശ്യങ്ങൾ യഥാസമയം പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. എഐഎഫ്‌എഡബ്ല്യുഎച്ച് ജനറൽസെക്രട്ടറി എ ആർ സിന്ധു, ട്രഷറർ അഞ്‌ജുമെയ്‌നി, സെക്രട്ടറി ഊർമിളാറാവത്ത്, അമൃത്‌പാൽ കൗർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അങ്കണവാടി കേന്ദ്രങ്ങളിൽ മുഖ പരിശോധനാ സംവിധാനം (എഫ്‌ആർഎസ്) നിർബന്ധിതമായി നടപ്പാക്കുന്നത് വഴി ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ലഭ്യമാകുന്ന ആനുകൂല്യങ്ങൾ ഇല്ലാതാക്കാനുള്ള നീക്കത്തിന് എതിരെ ഈ മാസം 21ന് കരിദിനം ആചരിക്കാൻ എഐഎഫ്‌എഡബ്ല്യുഎച്ച് ആഹ്വാനം ചെയ്‌തു.









0 comments