ഒഡിഷയിൽ വിദ്യാർഥിനി തീകൊളുത്തി ജീവനൊടുക്കിയ സംഭവം; എബിവിപി നേതാവടക്കം രണ്ടുപേർ അറസ്റ്റിൽ

ഭുവനേശ്വർ: അധ്യാപകന്റെ വഴിവിട്ട പെരുമാറ്റത്തിനെതിരെ തുടർച്ചയായി പരാതി നൽകിയിട്ടും നടപടിയെടുക്കാഞ്ഞതിനെത്തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ എബിവിപി നേതാവടക്കം രണ്ടുപേർ അറസ്റ്റിൽ. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേരെയാണ് ഒഡീഷ പൊലീസ് അറസ്റ്റ് ചെയ്തത്. മുതിർന്ന ഫാക്കൽറ്റി അംഗത്തിനെതിരെ ലൈംഗിക പീഡന പരാതി നൽകിയിട്ടും ഇൻസ്റ്റിറ്റ്യൂട്ട് നടപടി സ്വീകരിക്കാത്തതിനെത്തുടർന്നാണ് 20 കാരി ആത്മഹത്യ ചെയ്തത്.
എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി സുഭത് സന്ദീപ് നായക്, ജ്യോതി പ്രകാശ് ബിസ്വാള്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്ന സമയത്ത് ഇരുവരും സംഭവസ്ഥലുണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രിൻസിപ്പാൾ പെണ്‍കുട്ടിയോട് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുവെന്നും അതിനായി മോശമായി ചിത്രീകരിച്ചെന്നും ആരോപണമുണ്ട്. ഈ സമയത്ത് അറസ്റ്റിലായ എബിവിപി നേതാക്കളും ഓഫീസിലുണ്ടായിരുന്നുവെന്നാണ് വിവരം.
ആരോപണ വിധേയനായ സമീര്‍ രഞ്ജന്‍ സാഹു കോളേജിലെ ചില വിദ്യാര്‍ഥികളെ ഉപയോഗിച്ച് പെണ്‍കുട്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിപ്പിക്കുകയും കോളേജ് അധികൃതരെ കൊണ്ട് നടപടി എടുപ്പിക്കുകയും ചെയ്തിരുന്നു.
ജൂലൈ ആദ്യമായിരുന്നു സംഭവം. ഫക്കീർ മോഹൻ ഓട്ടോണമസ് കോളേജിലെ ഇന്റഗ്രേറ്റഡ് ബിഎഡ് വിദ്യാർഥിനിയാണ് പ്രിൻസിപ്പലിന്റെ ഓഫീസിന് പുറത്ത് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് എബിവിപി നേതാക്കളെ ഇന്നലെ രാത്രി വൈകി അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. മുമ്പ് ഡിപ്പാർട്ട്മെന്റ് തലവനായ സമീർ കുമാർ സാഹുവിനെയും കോളേജ് പ്രിൻസിപ്പാൾ ദിലിപ് ഘോഷിനെയും അറസ്റ്റ് ചെയ്തിരുന്നു.
ലൈംഗികാഭിമുഖ്യത്തോടെ പെരുമാറുന്ന അധ്യാപകനെതിരെ പരാതി നൽകിയിയിട്ടും നടപടിയില്ലാത്തതിൽ മനംനൊന്താണ് വിദ്യാർഥിനി കോളേജിനുള്ളിൽവച്ച് സ്വയം തീകൊളുത്തിയത്. 95 ശതമാനം പൊള്ളലേറ്റ പെൺകുട്ടി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്റഗ്രേറ്റഡ് ബിഎഡ് വിദ്യാർഥിനി ഡിപ്പാർട്ട്മെന്റ് തലവനായ സമീർ കുമാർ സാഹുവിനെതിരെ ജൂലൈ ഒന്നിന് ആഭ്യന്തര പരാതി പരിഹാര സമിതിക്ക് പരാതി നൽകിയിരുന്നു. ലൈംഗിക താൽപര്യത്തോടെ പെരുമാറുന്നെന്നും വഴങ്ങിയില്ലെങ്കിൽ ഭാവി ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നെന്നുമായിരുന്നു പരാതി.
ഏഴ് ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്ന് സമിതി അറിയിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. താൻ കടുത്ത മാനസിക ബുദ്ധിമുട്ടിലാണെന്ന് പ്രിൻസിപ്പാളിനെ നേരിട്ട് കണ്ട് വിദ്യാർഥിനി അറിയിച്ചിരുന്നു. വിദ്യാർഥിനിയും സഹപാഠികളും കോളേജ് ഗേറ്റിനുമുന്നിൽ പ്രതിഷേധവും തുടങ്ങി. ഇതിനിടെയാണ് പ്രിൻസിപ്പാളിന്റെ മുറിക്ക് സമീപത്തെത്തി പെൺകുട്ടി സ്വയം തീകൊളുത്തിയത്.










0 comments