അഭിജീത് ദീപ്കെ അനിശ്ചിതകാല നിരാഹാരസമരത്തിൽ; തീരുമാനം വാങ്ചുക്കിനെ നീക്കിയതിനു പിന്നാലെ

സോനം വാങ് ചുക്കിനെ അറസ്റ്റുചെയ്ത് നീക്കിയതിന് ശേഷം അഭിജിത്ത് ദീപ്കെ നിരാഹാരം ആരംഭിച്ചപ്പോൾ. ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി: സോനം വാങ്ചുക്കിനെ ജന്തർ മന്തറിലെ സമരപ്പന്തലിൽനിന്ന് ഡൽഹി പൊലീസ് ബലംപ്രയോഗിച്ച് നീക്കി ആശുപത്രിയിലാക്കിയതിന് പിന്നാലെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. ‘‘ഈ നിമിഷം മുതൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുകയാണ്’’ എന്ന് ദീപ്കെ സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചു. പുലർച്ചെ വാങ്ചുക്കിനെ നീക്കുന്നതിനിടെ തടങ്കലിലാക്കിയ ദീപ്കെയെ പൊലീസ് പിന്നീട് വിട്ടയച്ചെങ്കിലും സമരപ്പന്തലിലേക്ക് മടങ്ങാൻ അനുവദിച്ചില്ല.
വാങ്ചുക്കിന്റെ നിരാഹാരസമരം 21–ാം ദിവസത്തിലേക്ക് കടന്ന ശനിയാഴ്ച പുലർച്ചെയാണ് പൊലീസ് സമരപ്പന്തലിലെത്തിയത്. വാങ്ചുക്കിനെ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ ജന്തർ മന്തറിലെ പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. സമരപ്പന്തലിലേക്ക് മടങ്ങാൻ ദീപ്കെയെയും പ്രവർത്തകരെയും അനുവദിച്ചില്ല.
തന്നെ പൊലീസ് മർദിക്കുകയും തടങ്കലിലാക്കുകയും ചെയ്തതായി ദീപ്കെ പറഞ്ഞിരുന്നു. പൊലീസ് നടപടിക്കെതിരെ രാജ്യവ്യാപകമായി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയശേഷം ജന്തർ മന്തറിൽ വൻ പൊലീസ് സന്നാഹം വിന്യസിക്കുകയും സമരക്കാർ സ്ഥലം ഒഴിയണമെന്ന് നിർദേശിക്കുകയും ചെയ്തു.
സഫ്ദർജങ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന വാങ്ചുക്കിന് ബോധമുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോയും വാങ്ചുക്കിനെ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയതായി സ്ഥിരീകരിച്ചു.
നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിലും മറ്റ് പരീക്ഷാക്രമക്കേടുകളിലും ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് വാങ്ചുക്കും വിദ്യാർഥികളും അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. ജൂലൈ 20ന് പാർലമെന്റിലേക്ക് മാർച്ച് നടത്താനും സമരക്കാർ തീരുമാനിച്ചിരുന്നു.










0 comments