പഞ്ചാബിൽ വിഷമദ്യം കഴിച്ച് 14 പേർ മരിച്ചു; ആറുപേർ ഗുരുതരാവസ്ഥയിൽ

പ്രതീകാത്മകചിത്രം
ചണ്ഡീഗഡ് : പഞ്ചാബിൽ വിഷം കലർന്ന മദ്യം കഴിച്ച് 14 പേർ മരിച്ചു. നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അമൃത്സറിലെ മജിതയിലാണ് സംഭവമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇന്നലെ രാത്രി 9:30 ഓടെയാണ് വ്യാജ മദ്യം കഴിച്ച് ആളുകൾ മരിക്കുന്നതായി വിവരം ലഭിച്ചതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ മനീന്ദർ സിങ് പറഞ്ഞു. 4 പേരെ പിടികൂടിയതായും പ്രധാന വിതരണക്കാരനായ പരബ്ജീത് സിങ്ങിനെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രധാന വിതരണക്കാരനായ സാഹബ് സിങ്ങിനെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.
അഞ്ച് ഗ്രാമങ്ങളിലായാണ് ദുരന്തം സംഭവിച്ചത്. നിലവിൽ 14 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ആറു പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു. മദ്യത്തിലെ വിഷാംശത്തെപ്പറ്റി പരിശോധനകൾ നടക്കുകയാണെന്നും അതിനു ശേഷമേ വിവരങ്ങൾ പറയാൻ സാധിക്കുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബംഗാലി, പതൽപുരി, മരാരി കലാൻ, തെരേവാൽ, തൽവാണ്ടി ഘുമൻ എന്നീ ഗ്രാമങ്ങളിലുള്ളവരാണ് മരിച്ചത്.









0 comments