ലഡാക്ക് പുകയുമ്പോൾ ;പരാജയപ്പെടുന്ന മോദിസർക്കാർ


സാജൻ എവുജിൻ
Published on Sep 26, 2025, 02:03 PM | 3 min read
മണിപ്പുരും ജമ്മു–കശ്‌മീരും പോലെ ഇന്ത്യയിലെ തന്ത്രപ്രധാന മേഖലയാണ് ലഡാക്ക്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിൽ നിർണായക പങ്കാണ് ഇൗ മേഖലകളിൽ വസിക്കുന്നവർ വഹിക്കുന്നത്. ബിജെപിയുടെയും സംഘപരിവാറിന്റെയും സങ്കുചിത രാഷ്‌ട്രീയ അജണ്ടയും വിദ്വേഷപ്രചാരണവും അടിച്ചമർത്തൽ നടപടികളും മണിപ്പുരിനെയും ജമ്മു–കശ്‌മീരിനെയും അസ്വസ്ഥമാക്കി. മണിപ്പുർ 2023 മെയ് മൂന്ന് മുതൽ കലാപബാധിതമാണ്. ഇംഫാൽ താഴ്‌വരയിൽ അധിവസിക്കുന്ന മെയ്‌ത്തീകളും പർവതമേഖലകളിൽ കഴിയുന്ന കുക്കിവംശജരും തമ്മിൽ നിലനിൽക്കുന്ന ഭിന്നത പരിഹരിക്കാൻ കേന്ദ്രസർക്കാരിന് കഴിയുന്നില്ല. ഇപ്പോൾ ലഡാക്കും സംഘർഷഭരിതമാണ്.
രാജ്യത്തെ ഏറ്റവും പിന്നാക്ക പ്രദേശങ്ങളിലൊന്നാണ് ലഡാക്ക്. ജമ്മു– കശ്‌മീരിന്റെ ഭാഗമായി നിലകൊണ്ടിരുന്നതാണ് ലഡാക്കിന്റെ ദുരവസ്ഥയ്‌ക്ക് കാരണമെന്ന് ബിജെപി പ്രചരിപ്പിച്ചിരുന്നു. 2019ൽ ജമ്മു– കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയപ്പോൾ ഈ മേഖലയിൽ ആവേശവും ആഹ്ലാദവും പ്രകടമായി. ലഡാക്കിന് കൂടുതൽ സ്വയംഭരണാവകാശം ലഭിക്കുമെന്നും കേന്ദ്രസഹായം ഒഴുകിയെത്തുമെന്നും നാട്ടുകാർ പൊതുവെ കരുതി.
ആറ് വർഷത്തിനുശേഷം അവർ പക്ഷേ, നിരാശയിലും രോഷത്തിലുമാണ്. വാഗ്‌ദാനം ചെയ്യപ്പെട്ട വിപുലമായ സ്വയംഭരണാവകാശം ലഭിച്ചില്ലെന്ന് മാത്രമല്ല, ജമ്മു– കശ്‌മീർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നപ്പോൾ ലഭിച്ചുവന്ന അധികാരങ്ങൾ പോലും ഹനിക്കപ്പെടുകയാണ്. മനോഹരമായ ഭൂപ്രദേശത്തെ കോർപറേറ്റുകൾക്ക് തീറെഴുതുകയുമാണ് മോദിസർക്കാർ. ലഡാക്കിന് സംസ്ഥാനപദവിയും പൂർണ അധികാരത്തോടെ നിയമസഭയും ആവശ്യപ്പെട്ട് ജനങ്ങൾ വർഷങ്ങളായി പ്രക്ഷോഭത്തിലാണ്. ലഡാക്ക് ജനതയുടെ ഇൗ അതിജീവന പോരാട്ടത്തെ അടിച്ചമർത്താനാണ് ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ ശ്രമം.
ധാതുഖനനം ലക്ഷ്യമിട്ട് ലഡാക്കിലെ തന്ത്രപ്രധാന ഭൂമി കോർപറേറ്റുകൾക്ക് കൈമാറുന്നതോടെ ആട്ടിടയന്മാർ അടക്കമുള്ള തദ്ദേശീയ വിഭാഗങ്ങളുടെ ജീവിത മാർഗം അടയും. ചെമ്മരിയാടുകളെ വളർത്തിയാണ് മേഖലയിലെ ഗോത്രവിഭാഗങ്ങൾ കഴിയുന്നത്. വൻകിട കമ്പനികളുടെ ഖനനവും അശാസ്‌ത്രീയ നിർമാണങ്ങളും ലഡാക്കിലെ പരിസ്ഥിതിദുർബലമായ ഭൂമിയെ തകർക്കുമെന്നും ആശങ്ക നിലനിൽക്കുന്നു. ഭൂമിക്കും വിഭവങ്ങൾക്കുംമേൽ ആദിവാസികളുടെ അവകാശം സംരക്ഷിക്കാനും കാലാവസ്ഥ വ്യതിയാനം തടയാനും ലഡാക്കിനെ ഭരണഘടനയുടെ ആറാം പട്ടികയിൽപെടുത്തി സ്വയംഭരണ ജില്ലാ കൗൺസിൽ രൂപീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളെ ആറാം പട്ടികയിൽപെടുത്തി ആദിവാസിമേഖല സ്വയംഭരണ കൗൺസിലുകൾ രൂപീകരിച്ചിട്ടുണ്ട്. ഈ ആവശ്യത്തിന് ലഡാക്കിൽ വൻജനപിന്തുണയാണ് ലഭിച്ചിട്ടുള്ളത്.
മോദിസർക്കാരിന്റെ വാഗ്‌ദാന ലംഘനം ചൂണ്ടിക്കാണിച്ച് ലഡാക്ക് ജനതയുടെ ജീവിതപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാമൂഹ്യ– വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞവർഷം സെപ്‌തംബർ ഒന്നിന് ലേയിൽനിന്ന് കാൽനടയാത്ര തുടങ്ങി. ഒരു മാസത്തെ കഠിനയാത്രയ്‌ക്കുശേഷം ഡൽഹി അതിർത്തിയിൽ എത്തിയപ്പോൾ സുരക്ഷാഭടന്മാരാണ് എതിരേറ്റത്. 24 മണിക്കൂർ തടഞ്ഞുവച്ചശേഷമാണ് ലക്ഷ്യസ്ഥാനമായ രാജ്‌ഘട്ടിലേയ്‌ക്ക് നീങ്ങാൻ അനുവദിച്ചത്. ജന്തർ മന്ദറിൽ 10 പേരുടെ സത്യഗ്രഹം നടത്താൻ അനുമതി തേടിയെങ്കിലും ഡൽഹി പൊലീസ് നിരസിച്ചു. ഇതിനെതിരെ ലഡാക്ക് ഭവനിൽ വാങ്‌ചുക്കും കൂട്ടരും നിരാഹാം നടത്തി. ചരിത്രപരമായ ഐക്യം ലഡാക്കിന് കൂടുതൽ സ്വയംഭരണാധികാരം ആവശ്യപ്പെട്ടുള്ള പ്രക്ഷാേഭം ശക്തിയാർജ്ജിച്ചത് 2024 ഫെബ്രുവരിയിലാണ്. ലേ അപ്പെക്‌സ് ബോഡി(എൽഎബി), കാർഗിൽ ഡമോക്രാറ്റിക് അലയൻസ്(കെഡിഎ) എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ലേയിലും കാർഗിലിലും ഫെബ്രുവരി മൂന്നിന് പൂർണ ബന്ദാചരിച്ചു.
Related News
ബുദ്ധമതക്കാർക്ക് ഭൂരിപക്ഷമുള്ള ലേയിലെ രാഷ്‌ട്രീയ, മത, പൗരസമൂഹ സംഘടനകളുടെ കൂട്ടായ്‌മയാണ് എൽഎബി. മുസ്ലിം സമുദായത്തിന് മുൻതൂക്കമുള്ള കാർഗിൽ മേഖലയിലെ വിവിധ പ്രസ്ഥാനങ്ങളുടെ കൂട്ടായ്‌മയാണ് കെഡിഎ. കാലങ്ങളായി നിലനിന്ന തർക്കങ്ങളും രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങളും മറികടന്നാണ് ഇരു വേദികളും ഒന്നിച്ചത്. നാല് പൊതുആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സഹകരണം. ലഡാക്കിന് സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം പട്ടികയിൽപെടുത്തുക, ലഡാക്കിൽ രണ്ട് ലോക്‌സഭ സീറ്റ്, തദ്ദേശീയ യുവജനങ്ങൾക്ക് തൊഴിൽ സംവരണം എന്നിവയാണ് ആവശ്യങ്ങൾ. ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന ബിജെപി തന്ത്രത്തിനേറ്റ കടുത്ത ആഘാതമായിരുന്നു ഈ സംഭവവികാസം. എൽഎബിയുടെയും കെഡിഎയുടെയും പ്രവർത്തകർ വാങ്‌ചുക്കിനൊപ്പമുണ്ട്. മുസ്ലിം, ബുദ്ധ വിഭാഗങ്ങൾ ഒന്നിച്ച് നീങ്ങുന്നത് സംഘപരിവാറിന്റെയും ബിജെപിയുടെയും ജമ്മു– കശ്‌മീർ അജണ്ടയെ വെള്ളത്തിലാക്കി. ഇതിനോടുള്ള കേന്ദ്രത്തിന്റെ പ്രതികാരമാണ് ഇപ്പോൾ പ്രകടമാകുന്നത്.
നിരാഹാരം അനുഷ്‌ഠിച്ചവരെ അറസ്‌റ്റുചെയ്യാനുള്ള ശ്രമം സംഘർഷത്തിലും പൊലീസ് വെടിവയ്‌പിലും എത്തി. നാല് പേർ കൊല്ലപ്പെട്ടു; ഒട്ടേറെപേർക്ക് പരിക്കേറ്റു.
ആരാണ് വാങ്‌ചുക്ക്
അൻപത്തിഒൻപതുകാരനായ വാങ്‌ചുക്ക് വിദ്യാഭ്യാസം വഴി മെക്കാനിക്കൽ എൻജിനിയറാണ്; പിന്നിട്ടതാകട്ടെ കനൽ വഴികളും. സ്വന്തം ഗ്രാമത്തിൽ വിദ്യാലയങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ ഒൻപതാം വയസ്സിലാണ് സ്‌കൂളിൽ ചേർന്നത്. ഗോത്രഭാഷ മാത്രം അറിയാമായിരുന്ന വാങ്‌ചുക്കിന് ശ്രീനഗറിലെ സ്‌കൂൾ പഠനം കടുത്ത പരീക്ഷണമായി. അധ്യാപകരും സഹപാഠികളും പറയുന്നതൊന്നും മനസ്സിലാകുന്നില്ല. പലതവണ പരിഹാസത്തിന് പാത്രമായപ്പോൾ 1997ൽ ഡൽഹിയിലേയ്‌ക്ക് കടന്ന വാങ്‌ചുക്ക് കേന്ദ്രീയ വിദ്യാലയത്തിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചു. ശ്രീനഗർ ആർഇസിയിൽനിന്ന് ബിടെക്ക് നേടിയശേഷം വിദ്യാഭ്യാസമേഖലയിലെ പ്രവർത്തനങ്ങളിൽ മുഴുകി. ലഡാക്കിലെ ഏക മാസികയായിരുന്ന ‘ലഡാഗ്‌സ് മെലോങ്ങി’ന്റെ പത്രാധിപരായി പ്രവർത്തിച്ചു. ആമിർ ഖാൻ ചിത്രമായ ‘ത്രീ ഇഡിയറ്റ്‌സ്’ വാങ്‌ചുക്കിന്റെ ജീവിതം പ്രമേയമാക്കിയതാണ്.









0 comments