ad
Deshabhimani

ശ്രീലങ്കൻ തീരത്ത്‌ ഇറാൻ യുദ്ധക്കപ്പലിനെതിരായ യുഎസ്‌ ആക്രമണം പ്രാദേശിക സമാധാനത്തിന് ഭീഷണി: സിപിഐ

cpi logo
വെബ് ഡെസ്ക്

Published on Mar 05, 2026, 06:23 PM | 1 min read

ന്യൂഡൽഹി : ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കൻ തീരത്തിന് സമീപം അമേരിക്ക ഇറാൻ നാവികസേനയുടെ കപ്പലായ ഐറിസ് ദേനയെ ആക്രമിച്ചതിനെ അപലപിച്ച് സിപിഐ. ശ്രീലങ്കൻ തീരത്തുനിന്ന് 40 നോട്ടിക്കൽ മൈൽ അകലെയാണ് അമേരിക്കയുടെ അന്തർവാഹിനി ഐറിസ് ദേനയെ ആക്രമിച്ചത്. നൂറിലധികം ഇറാനിയൻ നാവികർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അമേരിക്ക- ഇസ്രായേൽ, ഇറാൻ സംഘർഷത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നതാണ് ഈ ആക്രമണമെന്ന് സിപിഐ പ്രസ്താവനയിൽ പറഞ്ഞു. വിശാഖപട്ടണത്ത് നടന്ന സംയുക്ത നാവിക അഭ്യാസത്തിന് ശേഷം മടങ്ങുമ്പോഴാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. ഇന്ത്യയുടെ തീരങ്ങൾക്ക് വളരെ അടുത്തും ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്കും ഇത്തരം ആക്രമണങ്ങൾ നീളുന്നത് പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാകും.


ഇറാനുമായുള്ള യുഎസ്- ഇസ്രായേൽ സംഘർഷം ദക്ഷിണേഷ്യയോട് വളരെ അടുത്തുള്ള സമുദ്രാതിർത്തികളിലേക്ക് വ്യാപിക്കുന്നത് ആശങ്കാജനകമാണ്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലുള്ള ഏതൊരു സൈനിക നടപടിയും അന്താരാഷ്ട്ര നിയമത്തെയും സമുദ്ര സുരക്ഷയെയും ദുർബലപ്പെടുത്തുകയും മേഖലയിലെ ജനങ്ങളുടെ ജീവിതത്തെയും ഉപജീവനമാർഗ്ഗത്തെയും സുരക്ഷയെയും അപകടത്തിലാക്കുകയും ചെയ്യുന്നതാണ്. ഇന്ത്യൻ മഹാസമുദ്ര മേഖലയെ സൈനിക ഏറ്റുമുട്ടലിന്റെയും യുദ്ധത്തിന്റെയും വേദിയാക്കി മാറ്റരുതെന്ന് സിപിഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


വിഷയത്തിൽ സ്വതന്ത്രമായ നിലപാട് സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതായി സിപിഐ പ്രസ്താവനയിൽ പറഞ്ഞു. മേഖലയിൽ വികസിച്ചുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ ഇന്ത്യയെ പങ്കാളിയാക്കുന്ന തരത്തിൽ അമേരിക്കൻ നാവികസേനയോ മറ്റ് വിദേശ സൈനിക സേനകളോ തങ്ങളുടെ തുറമുഖങ്ങളോ ലോജിസ്റ്റിക്കൽ സൗകര്യങ്ങളോ ഉപയോഗിക്കാൻ കേന്ദ്രം അനുവദിക്കരുത്. അത്തരം പ്രവേശനം അനുവദിക്കുന്നത് സ്വയംഭരണം, ചേരിചേരാ നയം എന്നിവയ്ക്കുള്ള ഇന്ത്യയുടെ ദീർഘകാല പ്രതിബദ്ധതയ്ക്ക് വിരുദ്ധമാണെന്നും സിപിഐ പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home