ad
Deshabhimani

റഹീമിനെ വരവേൽക്കാൻ ‘സീനത്ത് മൻസിൽ’ ഒരുങ്ങി

 Abdul Rahim house.jpg

രാമനാട്ടുകര കോടമ്പുഴയിൽ റഹീമിന്റെ തറവാടായ സീനത്ത് മൻസിൽ

avatar
മനാഫ് താഴത്ത്

Published on May 28, 2026, 06:48 AM | 1 min read

ഫറോക്ക്: ബലി പെരുന്നാളിന്റെ തലേന്നാൾ കോടമ്പുഴ സീനത്ത് മൻസിലിൽ ഒരുമ്മയും മക്കളും മരുമക്കളുമുൾപ്പെടെ കുടുംബം ആഹ്ലാദത്തിലാണ്‌. ഇരുപതുവർഷം മുമ്പ് ഒരുനാൾ ഈ വീടിന്റെ പടിയിറങ്ങിയശേഷം കാരാഗൃഹത്തിലായ കൂടപ്പിറപ്പിനെ വരവേൽക്കാനുള്ള ഒരുക്കവും തകൃതി.​


വധശിക്ഷ റദ്ദാക്കപ്പെട്ടതിനുശേഷം തടവുശിക്ഷാ കാലാവധിയും കഴിഞ്ഞ് അബ്ദുൽ റഹീം ബലി പെരുന്നാൾ ദിനത്തിൽ വീട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് ബുധൻ രാവിലെ തന്നെ ഉമ്മ ഫാത്തിമ(പാത്തു)യും മക്കളും പേരമക്കളുമെല്ലാം ഈ വീട്ടിൽ ഒത്തുകൂടിയിരിക്കുന്നത്. ​ഫാത്തിമയുടെ ആറുമക്കളിൽ ഏറ്റവും ഇളയവനാണ് റഹീം. മൂത്തമകൾ സഫിയ, മറ്റു മക്കളായ സലീം, സീനത്ത്, സുഹറ, ഭർത്താവ് സക്കരിയ ഉൾപ്പെടെ നിരവധി പേരാണ് വീട്ടിലെത്തിയത്‌.


തറവാടിനോട് ചേർന്നുള്ള വീട്ടിൽ മകൻ നസീറിനൊപ്പമായിരുന്നു ഇതുവരെ ഫാത്തിമയുടെ വാസം. എന്നെങ്കിലും മകൻ വന്നാൽ അന്നു മുതൽ തറവാട്ടിൽ താമസിക്കാനുറപ്പിച്ചിരുന്ന ഫാത്തിമയുടെ രണ്ടുപതിറ്റാണ്ടുനീണ്ട കാത്തിരിപ്പിനാണ്‌ അവസാനമാകുന്നത്‌. റഹീം സൗദിയിലെ റിയാദിലെത്തി ഒരുമാസം പിന്നിടുന്നതിന് മുമ്പാണ് 2006 ഡിസംബർ 24ന് സ്പോൺസറുടെ മകൻ മരിക്കാനിടയാകുന്ന സംഭവമുണ്ടാകുന്നതും പിറ്റേന്ന് തന്നെ ജയിലിലടയ്‌ക്കപ്പെടുന്നതും. അഞ്ചുമാസം പിന്നിടും മുമ്പെ റഹീമിന്റെ ഉപ്പ മഞ്ചിലകത്ത് വീടിയേക്കൽ മുഹമ്മദ് കുട്ടി മരിച്ചു.​


"ന്റെ മേനെത്തിയാൽ ആയുസ്സിലെ ഏറ്റവും വലിയ പെരുന്നാളാകും എനിക്കും മക്കൾക്കും’– ഫാത്തിമയുടെ വാക്കുകളിൽ സന്തോഷം അതിരിടുന്നു. റഹീം ഫോണിൽ വിളിച്ചിരുന്നതായും എമിഗ്രേഷൻ നടപടി പൂർത്തിയായി ടിക്കറ്റ് ലഭിച്ചാൽ പെരുന്നാൾ ദിവസം വീട്ടിലെത്താനാകുമെന്ന് വിശ്വാസം പ്രകടിപ്പിച്ചതായും റഹീമിന്റെ മൂത്ത സഹോദരി സഫിയയുടെ മകൻ ജവാദ് പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home