സീബ്രാ ലൈന്‍ ലംഘനം; 600 ഡ്രൈവർമാർക്കെതിരെ കേസ്

തിരുവനന്തപുരം: കാല്‍നട യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി തിരുവനന്തപുരം നഗരത്തിലെ സീബ്രാലൈനുകള്‍ കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഒരുമാസത്തിനിടെ നടത്തിയ പരിശോധനയിൽ 641 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവർക്കെതിരെ 2000 രൂപ വീതം പിഴ ചുമത്തി.
കേശവദാസപുരം മുതല്‍ ഈസ്റ്റ് ഫോര്‍ട്ട് വരെയുള്ള സ്ഥലങ്ങളിലായിരുന്നു പരിശോധന. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നിയമലംഘനം നേരിട്ട് പിടിച്ചാണ് പിഴ ചുമത്തുന്നത്. സീബ്രലൈനുകള്‍ ഉള്ളഭാഗങ്ങളില്‍ വാഹനങ്ങള്‍ സുരക്ഷിതമായ അകലത്തില്‍ നിര്‍ത്താതെ ഇരിക്കുക, സിബ്രലൈനില്‍ യാത്രക്കാര്‍ നിന്നാല്‍പ്പോലും വാഹനങ്ങള്‍ നിര്‍ത്തിക്കൊടുക്കാതെ ഓടിക്കുക, റെഡ് സിഗ്‌നല്‍ മറികടക്കുക തുടങ്ങിയവ മുന്‍നിര്‍ത്തിയായിരുന്നു പിഴ ചുമത്തിയത്.
നിരത്തുകളില്‍ മാഞ്ഞു പോയ സീബ്രാലൈനുകള്‍ പുനഃസ്ഥാപിക്കാനും പുതിയവ സ്ഥാപിക്കാനും പുതിയ സിഗ്‌നല്‍ സംവിധാനം ഒരുക്കാനും എന്‍ഫോഴ്‌സ്‌മെന്റ് സംഘം റിപ്പോര്‍ട്ട് നല്‍കി. പരിശോധന മറ്റുഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വി എസ് അജിത്ത്കുമാർ അറിയിച്ചു.








0 comments