‘യുക്തിവാദം തലക്ക് കയറി ആത്മഹത്യ ചെയ്തു’; ഷൗക്കത്തിനെ അധിക്ഷേപിച്ച് യൂത്ത് ലീഗ് നേതാവ്

മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് മോട്ടോർ ജീവനൊടുക്കിയ ഷൗക്കത്തിനെതിരെ അധിക്ഷേപവുമായി മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ ഷാകിർ. “യുക്തിവാദം തലക്ക് കയറി നമ്മുടെ പരിസരത്ത് ഒരു യുവാവ് ആത്മഹത്യ ചെയ്തിട്ടുണ്ട്” എന്നാണ് ഷാകിർ സമൂഹമാധ്യമത്തിൽ കുറിച്ചത്.
മരണാനന്തര ചടങ്ങുകളെക്കുറിച്ച് ഷൗക്കത്ത് നേരത്തെ സമൂഹമാധ്യമത്തിൽ രേഖപ്പെടുത്തിയ വ്യക്തിപരമായ നിലപാടുകളും മതവിശ്വാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും ചൂണ്ടിക്കാട്ടിയാണ് യൂത്ത് ലീഗ് നേതാവിന്റെ വിമർശനം.
എംവിഡിയുടെ ഭാഗത്തുനിന്നുണ്ടായ നിഷേധാത്മക നിലപാടുകളാണ് ഷൗക്കത്തലിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന തരത്തിൽ മാധ്യമങ്ങളും സോഷ്യൽ മീഡിയയും തെറ്റായ നിരീക്ഷണമാണ് നടത്തുന്നതെന്നാണ് ലീഗ് നേതാവിന്റെ വാദം. സാമാന്യ ബുദ്ധിയുള്ളവർക്കും വിശ്വാസികൾക്കും ഉൾക്കൊള്ളാൻ കഴിയുന്നതല്ല ഷൗക്കത്തലിയുടെ നിരീക്ഷണങ്ങളെന്നും, നിലവിലെ നിയമപ്രകാരം ഇക്കാര്യത്തിൽ എംവിഡി കുറ്റക്കാരല്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മൃതദേഹം പള്ളിക്കാട്ടിൽ അടക്കരുതെന്നും മയ്യിത്ത് നമസ്കാരം നടത്തരുതെന്നും ഷൗക്കത്തലി ഫെയ്സ്ബുക്കിൽ എഴുതിയത് ചൂണ്ടിക്കാട്ടിയാണ് ലീഗ് നേതാവിന്റെ പരാമർശങ്ങൾ. സംഭവത്തിൽ എംവിഡിയെ വിമർശിക്കുന്നവരെയും പോസ്റ്റിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. വിശ്വാസത്തെ പരിഹസിക്കുന്നതും ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്..
ജീവിതം വഴിമുട്ടി ഒരു സാധാരണക്കാരൻ ജീവനൊടുക്കിയ സംഭവത്തെ, വ്യക്തിപരമായ വിശ്വാസങ്ങളുടെ പേരുപറഞ്ഞ് തിരിച്ചുവിടാനും അധിക്ഷേപിക്കാനുമുള്ള യൂത്ത് ലീഗ് നേതാവിന്റെ ശ്രമത്തിനെതിരെ സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.









0 comments