രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണി ; മാങ്കൂട്ടത്തിലിനും സംഘത്തിനും കുരുക്ക് മുറുകുന്നു
അട്ടിമറി തെളിഞ്ഞു ; തെരഞ്ഞെടുപ്പ് തന്നെ അസാധു

തിരുവനന്തപുരം
യൂത്ത് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വ പട്ടിക പൂർണമായും റദ്ദാക്കാൻ മൂവാറ്റുപുഴ മുൻസിഫ് കോടതി ഉത്തരവിട്ടതോടെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് തന്നെ അസാധുവാകുന്നു. ഇതോടെ സംസ്ഥാന പ്രസിഡന്റാകാൻ രാഹുൽ മാങ്കൂട്ടത്തിലും സംഘവും സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതാണെന്ന് തെളിഞ്ഞു. കോടതി ഉത്തരവോടെ നിലവിലെ നേതൃത്വം തന്നെ പ്രതിക്കൂട്ടിലായി. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ടുനിന്ന കോൺഗ്രസ് നേതാക്കളടക്കം ഇനി മറുപടി നൽകേണ്ടി വരും. കേസിൽ നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തിലാണ്. കോടതി ഉത്തരവ് കൂടി വന്നതോടെ മാങ്കൂട്ടത്തിലിന്റെയും സംഘത്തിന്റെയും കുരുക്ക് കൂടുതൽ മുറുകി.
വ്യാജരേഖ ചമയ്‌ക്കലും വഞ്ചനാക്കുറ്റവും ക്രിമിനൽ ഗൂഢാലോചനയും വ്യാജ ഇലക്‌ട്രോണിക് രേഖയുണ്ടാക്കലുമടക്കം ഗുരുതര കുറ്റകൃത്യങ്ങളാണ് പ്രതികൾ നടത്തിയത്. എന്നാൽ കേസിൽ ചോദ്യം ചെയ്യാൻ രണ്ട് തവണ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടും ഹാജരാകാതെ ഒളിച്ചു കളിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. അന്വേഷക സംഘം ആവശ്യപ്പെട്ട വിവരങ്ങൾ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വവും ഇതുവരെ നൽകിയിട്ടില്ല. വിവരം കൈമാറാത്തതിനാൽ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായ ബി വി ശ്രീനിവാസിനെ ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവിൽ പോയി ചോദ്യം ചെയ്യാനിരിക്കുകയാണ്.
രാഹുലിന്റെ വിശ്വസ്‌തനും കെഎസ്‌യു പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ നുബിൻ ബിനു, യൂത്ത് കോൺഗ്രസ് നേതാക്കളായ രഞ്ജു, ഫെനി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ,ജെയ്സൺ, അടൂർ സ്വദേശികളായ അശ്വന്ത്, ജിഷ്‌ണു, ചാർലി എന്നിവരാണ് കേസിലെ പ്രതികൾ. തെരഞ്ഞെടുപ്പിൽ മത്സരിച്ചവർ കോൺഗ്രസ് നേതൃത്വത്തിന് നൽകിയ പരാതി പുറത്തുവന്നതോടെയാണ് കള്ളവോട്ടും വ്യാജ തിരിച്ചറിയൽ കാർഡുമടക്കമുള്ള വിവരങ്ങൾ പുറത്തുവന്നത്.
രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണി
തിരുവനന്തപുരം
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാകാൻ രാഹുൽ മാങ്കൂട്ടത്തിലും സംഘവും വ്യാജ ഐഡി കാർഡുകളുണ്ടാക്കിയ കേസ് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയെന്ന വിലയിരുത്തലിൽ അന്വേഷക സംഘം. തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത തിരിച്ചറിയൽ കാർഡുകളിലെ ഫോട്ടോയും പേരും മാറ്റിയാണ് സംഘടനാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചതെന്ന് തിരുവനന്തപുരം ഫോറൻസിക് ലാബിലെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 468, 471, 419, 120 (ബി), ഐടി നിയമത്തിലെ 66(സി) വകുപ്പുകൾ പ്രകാരമാണ് കേസ്. വ്യാജരേഖ ചമച്ചതിന് ഐപിസി 465 പ്രകാരം രണ്ടുവർഷംവരെ തടവും പിഴയും ഇലക്ട്രോണിക് രേഖ ചമച്ചതിന് ഐപിസി 468 പ്രകാരം ഏഴ് വർഷം വരെ തടവും ലഭിക്കാം. 419 അനുസരിച്ച് വഞ്ചനാക്കുറ്റത്തിന് മൂന്ന് വർഷം വരെ തടവും പിഴയുമുണ്ടാകാം. 120(ബി) പ്രകാരം ക്രിമിനൽ ഗൂഢാലോചനയ്‌ക്ക് ആറ് മാസം വരെ തടവും പിഴയും വിധിക്കാം. ഡിജിറ്റൽ ഒപ്പ്, പാസ്‌വേർഡ്, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ വ്യാജമായി നിർമിച്ചതിന് മൂന്ന് വർഷംവരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.









0 comments