ആർഎസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ആത്മഹത്യ ചെയ്ത സംഭവം; 'എൻഎം'നെതിരെ പ്രേരണാക്കുറ്റം ചുമത്തി

തിരുവനന്തപുരം: ആർഎസ്എസിനെതിരെ കുറിപ്പെഴുതി വച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറിപ്പിൽ പരാമർശിക്കുന്ന 'എൻഎം' എന്നയാൾക്കെതിരെ പ്രേരണകുറ്റം ചുമത്തി പൊലീസ്. ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്ന 'എൻഎം' എന്നയാളെ പ്രതിചേർത്ത് തമ്പാനൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
യുവാവിന്റെ കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 'എൻഎം' എന്ന ആളെ തിരിച്ചറിഞ്ഞ ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു കേസ് എടുത്തത്.
ആർഎസ്എസ് ശാഖയിൽ വച്ച് ക്രൂരമായ ലൈംഗികപീഡനത്തിനിരയായി എന്നാണ് യുവാവ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. നാലുവയസുമുതൽ തന്നെ നിരന്തരം ബലാത്സംഗത്തിന് ഇരയാക്കുന്നുവെന്നും പോസ്റ്റിലുണ്ട്.
മരിക്കുന്നതിന് മുൻപ് ഇൻസ്റ്റാഗ്രാമിൽ ഷെഡ്യൂൾ ചെയ്ത് വച്ച പോസ്റ്റിലാണ് യുവാവ് ആർഎസ്എസ് ശാഖയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ അനുഭവത്തെക്കുറിച്ച് എഴുതിയത്. നിരവധി കുട്ടികൾ ആർഎസ്എസ് ശാഖയിൽ ബലാത്സംഗം ചെയ്യപ്പെടുന്നുവെന്നും കുറിപ്പിലുണ്ട്.
തന്നെ ബലാത്സംഗം ചെയ്ത ആളെക്കരണമാണ് ഒസിഡി എന്ന അസുഖം വന്നത്. നിരവധി മാനസിക പ്രശ്നങ്ങൾക്കും പാനിക് അറ്റാക്കുകൾക്കും ഇത് കാരണമായി. താൻ ലോകത്ത് ഇത്രയധികം വെറുക്കുന്ന ഒരു സംഘടന വേറെ ഇല്ലെന്നും യുവാവിന്റെ കുറിപ്പിൽ പറയുന്നു.









0 comments