'മഴ മണ്ണിലെഴുതിയത്'; സ്കൂൾ കലോത്സവത്തിലെ മികവാർന്ന രചനകൾ മാഗസിൻ രൂപത്തിൽ

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മികവാർന്ന രചനകൾ വായനക്കാരിലേക്ക് എത്തിക്കുന്നു. ജനുവരിയിൽ തിരുവനന്തപുരത്ത് നടന്ന കലോത്സവത്തിലെ രചനകൾ 'മഴ മണ്ണിലെഴുതിയത്' എന്ന പേരിൽ മാഗസിൻ രൂപത്തിൽ പുറത്തിറക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കൈറ്റ് ആണ് ഡിജിറ്റൽ മാഗസിൻ തയാറാക്കിയത്. മാഗസിനിലെ രചനകൾക്ക് ഇല്ലസ്ട്രേഷനും മറ്റ് ചിത്രീകരണവും നിർവഹിച്ചിരിക്കുന്നതും കലോത്സവ വിജയികളായ കുട്ടികളാണ്.
കഥകളും കവിതകളും എഴുത്തുകാരുടെ ശബ്ദത്തിൽ തന്നെ കേൾക്കുവാനായി പോഡ്കാസ്റ്റ് സംവിധാനവും ഡിജിറ്റൽ മാഗസിനിൽ ഒരുക്കിയിട്ടുണ്ട്. മാഗസിനിലെ ഓരോ സൃഷ്ടികൾക്കൊപ്പവും ചേർത്തിരിക്കുന്ന QR കോഡുകൾ ഉപയോഗിച്ച് ഇവയുടെ വീഡിയോകൾ കാണാം. കൈറ്റ്-വിക്ടേഴ്സ് ചാനലാണ് ചിത്രീകരണം. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ സ്ക്രൈബസിലാണ് മാഗസിന്റെ രൂപകല്പന ചെയ്തിരിക്കുന്നത്. ഡിജിറ്റൽ മാഗസിനിൽ 56 രചനകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കൈറ്റിന്റെ മാസ്റ്റർ ട്രെയിനർമാരും വിക്കി പ്രവർത്തകരുമാണ് കുട്ടികൾക്കു പുറമെ ഡിജിറ്റൽ മാഗസിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്. കൈറ്റ് വെബ്സൈറ്റിൽ നിന്ന് മാഗസിൻ ഡൗൺലോഡ് ചെയ്യാം.
ലിങ്ക്- https://schoolwiki.in/sw/mtiz
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
നമ്മുടെ സ്കൂൾ കലോൽസവങ്ങളിൽ രചനാ വിഭാഗങ്ങളിൽ വളരെ മികവാർന്ന നിരവധി സൃഷ്ടികൾ ഉണ്ടാവാറുണ്ട്. വിശേഷിച്ച് കഥ, കവിത എന്നീ വിഭാഗങ്ങളിൽ. എന്നാൽ ഇവയൊന്നും ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോകുകയാണ് പതിവ്. രചനയ്ക്കായി നൽകുന്ന വിഷയത്തെ എത്ര വൈവിധ്യത്തോടെയാണ് നമ്മുടെ കുട്ടികൾ സമീപിക്കുന്നതെന്ന് കാര്യം ആരെയും അത്ഭുതപ്പെടുത്തും. ഈ ജനുവരിയിൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മികവാർന്ന രചനകൾ വായനക്കാരിൽ എത്തണമെന്ന ഉദ്ദേശത്തോടെ 'മഴ മണ്ണിലെഴുതിയത്' എന്ന മാഗസിൻ പുറത്തിറക്കുകയാണ്. കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത്.
മാഗസിനിലെ രചനകൾക്ക് ഇല്ലസ്ട്രേഷനും മറ്റ് ചിത്രീകരണവും നിർവഹിച്ചിരിക്കുന്നതും കലോത്സവ വിജയികളായ കുട്ടികൾ തന്നെയാണ്. കഥകളും കവിതകളും എഴുത്തുകാരുടെ ശബ്ദത്തിൽ തന്നെ കേൾക്കുവാനായി പോഡ്കാസ്റ്റ് സംവിധാനവും ഡിജിറ്റൽ മാഗസിനിൽ ഒരുക്കിയിട്ടുണ്ട്. മാഗസിനിലെ ഓരോ സൃഷ്ടികൾക്കൊപ്പവും ചേർത്തിരിക്കുന്ന QR കോഡുകൾ ഉപയോഗിച്ച് ഇവയുടെ വീഡിയോകൾ കാണാം. അവർ തന്നെ വായിച്ച് അവതരിപ്പിക്കുന്നതിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത് കൈറ്റ്-വിക്ടേഴ്സ് ചാനലാണ്.
സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ സ്ക്രൈബസിലാണ് മാഗസിന്റെ രൂപകല്പന ചെയ്തിരിക്കുന്നത്. സ്മാർട്ട് ഫോണിലും കമ്പ്യൂട്ടറിലും എളുപ്പം വായിക്കാൻ കഴിയുന്ന രീതിയിലാണ് പേജ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഡിജിറ്റൽ മാഗസിനിൽ 56 രചനകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കൈറ്റിന്റെ മാസ്റ്റർ ട്രെയിനർമാരും വിക്കി പ്രവർത്തകരുമാണ് കുട്ടികൾക്കു പുറമെ ഡിജിറ്റൽ മാഗസിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്. ‘മഴ മണ്ണിലെഴുതിയത്' കൈറ്റ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ലിങ്ക് കമന്റിൽ നൽകുന്നു. ‘മഴ മണ്ണിലെഴുതിയത്' ഏറെ അഭിമാനത്തോടെ ഇവിടെ പ്രകാശനം ചെയ്യുന്നു.








0 comments