ലോകോത്തര ലോജിസ്റ്റിക്സ് കമ്പനികൾ കേരളത്തിലെത്തും: മുഖ്യമന്ത്രി

Pinarayi Vijayan
വെബ് ഡെസ്ക്

Published on Aug 24, 2025, 12:06 AM | 1 min read

കൊച്ചി: സംസ്ഥാനത്തെ വ്യാവസായിക വളർച്ചയുടെയും ആഗോളബന്ധങ്ങളുടെയും പുതിയ അധ്യായമാണ് അദാനി ലോജിസ്റ്റിക്സ് പാർക്കിലൂടെ തുറക്കുന്നതെന്നും കൂടുതൽ തൊഴിൽ, സംരംഭ അവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾ കേരളത്തിന്റെ വികസനലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കളമശേരിയിൽ അദാനി ലോജിസ്റ്റിക്സ് പാർക്കിന്റെ നിർമാണോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.


വിവിധ വികസനപദ്ധതികൾ യാഥാർഥ്യമാകുമ്പോൾ അതിനിണങ്ങുന്ന ലോജിസ്റ്റിക്സ് സൗകര്യങ്ങളും ഒരുങ്ങേണ്ടതുണ്ട്‌. കേരളം വ്യവസായസൗഹൃദ സംസ്ഥാനമെന്നതുപോലെ നിക്ഷേപകസൗഹൃദ സംസ്ഥാനംകൂടിയായി വളരുകയാണ്. അദാനി ഗ്രൂപ്പിന്റെ ലോജിസ്റ്റിക്സ് പാർക്ക്‌ വ്യാപാരവികസനത്തിനും സമൂഹശാക്തീകരണത്തിനും വിപണികളെ ബന്ധിപ്പിക്കാനും സഹായിക്കുന്ന വലിയ പദ്ധതികൂടിയാണ്. ഈ രംഗത്തെ ലോകോത്തര കമ്പനികൾ കേരളത്തിലെത്താനും അവസരമൊരുങ്ങും.


വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം വിമാനത്താവളം തുടങ്ങിയവയുടെ തുടർവികസനത്തിനായി 30,000 കോടിയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പ്, ഇൻവെസ്റ്റ് കേരള നിക്ഷേപകസംഗമത്തിൽ പ്രഖ്യാപിച്ചത്. പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാൻ സംസ്ഥാനത്ത് സാഹചര്യമുണ്ട് എന്നതിനാലാണ് അതിനവർ തയ്യാറായത്. സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെയുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണം ഉടൻ ആരംഭിക്കും.


കേരളം വ്യവസായസൗഹൃദമല്ലെന്ന് പലരും പ്രചരിപ്പിച്ചിരുന്നു. അതിനെ അതിജീവിക്കാൻ നമുക്കായി. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ രാജ്യത്തെ "ടോപ് അച്ചീവർ' പദവിയിലേക്ക് എത്തി. സംരംഭകവർഷം പദ്ധതിയിൽ 3.75 ലക്ഷത്തോളം സംരംഭങ്ങൾ ആരംഭിച്ചു. 23,000 കോടിയുടെ നിക്ഷേപവും 7.5 ലക്ഷത്തോളം തൊഴിലവസരങ്ങളും സൃഷ്ടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home