print edition പൊലീസ് നരനായാട്ടിന് താക്കീത്

കെഎസ്-യു ആക്രമണത്തിലും പൊലീസിന്റെ ഏകപക്ഷീയ നടപടിയിലും പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ സെക്രട്ടറിയറ്റ് മാർച്ച്

സ്വന്തം ലേഖകൻ
Published on May 27, 2026, 04:08 AM | 3 min read
തിരുവനന്തപുരം: പൊലീസിന്റെ നരനായാട്ട് കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന ഉറച്ച താക്കീതുനൽകി വിദ്യാർഥി പ്രതിഷേധമിരന്പി. കേരള സർവകലാശാല തെരഞ്ഞെടുപ്പിൽ ഉജ്വലവിജയം നേടി എസ്‌എഫ്‌ഐ നടത്തിയ പ്രകടനത്തിനുനേരെയായിരുന്നു തിങ്കളാഴ്‌ച പരാജിതരായ കെഎസ്‌യുവിന്റെ അഴിഞ്ഞാട്ടം. കുറുവടിയും ചുടുകട്ടയും കരിക്കും പ്രവർത്തകരുടെ നേർക്ക് വലിച്ചെറിഞ്ഞപ്പോൾ തടയുകയെന്ന ഉത്തരവാദിത്വം മറന്ന് പ്രോത്സാഹിപ്പിച്ച പൊലീസ് ഗ്രനേഡ് വലിച്ചെറിഞ്ഞത് എസ്‌എഫ്‌ഐ പ്രവർത്തകരുടെ നേർക്കായിരുന്നു. പത്തുവർഷത്തിനുശേഷം യുഡിഎഫ് ഭരണത്തിൽ തിരിച്ചെത്തുന്പോൾ കോൺഗ്രസ് അനുകൂല വിദ്യാർഥി സംഘടനയുടെ ചട്ടുകമായി പൊലീസ് മാറി.
നൂറുകണക്കിന് വിദ്യാർഥികളെ അണിനിരത്തി ചൊവ്വാഴ്‌ച യൂണിവേഴ്‌സ്‌റ്റി കോളേജിന് സമീപത്തുനിന്നാണ് പ്രകടനം ആരംഭിച്ചത്. പകൽ 1.45ന് പ്രകടനം സെക്രട്ടറിയറ്റ് ഗേറ്റിനടുത്തെത്തി.
വൻ പൊലീസ് സംഘമാണ് വിദ്യാർഥികളെ നേരിടാൻ സജ്ജരായി നിന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുന്നേ നിർദേശം നൽകിയിരുന്നു. പ്രകടനമെത്തിയപ്പോൾത്തന്നെ ജലപീരങ്കി പ്രയോഗിച്ചു. ചിതറിയോടാതെ സധൈര്യം വിദ്യാർഥികളുടെ മുദ്രാവാക്യം ഉയർന്നു.
കവാടത്തിനു കുറുകെ പൊലീസ് തീർത്ത ഇരുന്പു ബാരിക്കേഡിനുമുകളിൽ കയറി കൊടി നാട്ടി. പ്രതിഷേധം തുടരവെ അഞ്ചുതവണ ജലപീരങ്കി പ്രയോഗിച്ചു. തളർന്നുവീണ ജില്ലാ കമ്മിറ്റിയംഗം അയ്‌മാനെയും പരിക്കേറ്റ ദേവിനെയും സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, പ്രസിഡന്റ് എം ശിവപ്രസാദ്, കേന്ദ്ര കമ്മിറ്റിയംഗം ആര്യ പ്രസാദ്, ജില്ലാ പ്രസിഡന്റ് വിജയ് വിമൽ, സെക്രട്ടറി എം എ നന്ദൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
കെഎസ്‌യു അക്രമം; 35,000 രൂപയുടെ നാശനഷ്‌ടം
തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ്‌എഫ്‌ഐ ആഹ്ലാദപ്രകടനത്തിനുനേരെ കെഎസ്‌യുക്കാർ നടത്തിയ കല്ലേറിലും അക്രമത്തിലും 35,000 രൂപയുടെ നാശനഷ്‌ടം. പൊലീസ് വാഹനത്തിന്റെ ചില്ലുകൾ പൊട്ടി. നഗരത്തിൽ സ്ഥാപിച്ചിരുന്ന ഫ്ലക്‌സുകൾ വലിച്ചുകീറി. കണ്ടാലറിയാവുന്ന 70പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. ആരുടെയും അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രകടനത്തിനുനേരെ ചുടുകട്ടയും വലിയ കല്ലുകളും കുറുവടികളും കരിക്കും വലിച്ചെറിഞ്ഞു.
എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ആഷിക് പ്രദീപ്, മനേഷ്, സർവകലാശാല ക്യാന്പസ് യൂണിറ്റ് സെക്രട്ടറി അതുൽ, ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ് എന്നിവരടക്കം ഇരുപതോളംപേർക്കാണ് പരിക്കേറ്റത്. മണ്ണന്തല സിഐ അനൂപിന്റെ കൈയ്‌ക്ക് പൊട്ടലുണ്ട്. മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കെഎസ്‌യുക്കാർ അതിക്രമം തുടരുന്പോൾ പൊലീസ് ജലപീരങ്കിയും ഗ്രനേഡും ലാത്തിച്ചാർജും പ്രയോഗിച്ചത് എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെയാണ്. സംസ്ഥാനത്ത് ഭരണം മാറിയപ്പോൾ കോൺഗ്രസ് അനുകൂല വിദ്യാർഥി സംഘടനയെ സംരക്ഷിച്ച പൊലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി എസ്‌എഫ്‌ഐ പ്രതിഷേധിച്ചു. തലസ്ഥാനത്ത് സെക്രട്ടറിയറ്റിലേക്കും മറ്റിടങ്ങളിൽ ജില്ലാ പൊലീസ് ആസ്ഥാനത്തേക്കുമായിരുന്നു മാർച്ച്.
വിദ്യാർഥിവേട്ടയ്‌ക്കെതിരെ എസ്‌എഫ്‌ഐ പ്രതിഷേധമാർച്ച്
തിരുവനന്തപുരം: വിജയാഹ്ലാദ പ്രകടനത്തിനുനേരെയുള്ള പൊലീസിന്റെ കാട്ടാളത്തത്തിനെതിരെ തലസ്ഥാനത്ത് സെക്രട്ടറിയറ്റിലേക്കും മറ്റു ജില്ലകളിൽ പൊലീസ് ആസ്ഥാനത്തേക്കും വിദ്യാർഥികളുടെ പ്രതിഷേധമാർച്ച്. സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച് ആഹ്ലാദപ്രകടനം നടത്തിയ എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ പൊലീസിന്റെ സഹായത്തോടെ കെഎസ്‌യു ക്രിമിനൽ സംഘം തിങ്കളാഴ്‌ച രാത്രിയിൽ തലസ്ഥാനത്ത് ആക്രമണം അഴിച്ചുവിട്ടതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
എസ്എഫ്ഐ പ്രവർത്തകർ സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്യുന്നു
കല്ലേറുനടത്തിയ കെഎസ്‌യുക്കാരെ സംരക്ഷിച്ച് എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ അഞ്ച് റൗണ്ട് ഗ്രനേഡാണ് പൊലീസ് വർഷിച്ചത്. സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദിനടക്കം 20 പേർക്ക് പരിക്കേറ്റു. അടിച്ചമർത്തുകയാണ് ലക്ഷ്യമെങ്കിൽ പ്രതിരോധിക്കുമെന്ന് സർക്കാരിനും പൊലീസിനും താക്കീതുനൽകിയാണ് സംസ്ഥാനമെങ്ങും മാർച്ച് സംഘടിപ്പിച്ചത്. യുഡിഎഫിന് ഭരണംകിട്ടിയ ആദ്യ ആഴ്‌ചയിൽത്തന്നെ ജനാധിപത്യപരമായി നടന്ന വിദ്യാർഥി പ്രകടനത്തെ ഭരണത്തിന്റെ വാലാട്ടികളായി തല്ലിയൊതുക്കാനാണ് പൊലീസ് ശ്രമിച്ചത്. ചൊവ്വാഴ്‌ച പ്രതിഷേധ മാർച്ചിനുനേരെയും വിവിധ ജില്ലകളിൽ ആക്രമണം നടത്താൻ പൊലീസ് മുതിർന്നു. സെക്രട്ടറിയറ്റിനുമുന്നിൽ വിദ്യാർഥികൾക്കുനേരെ അഞ്ചുവട്ടം ജലപീരങ്കി ഉപയോഗിച്ചു. ജില്ലാ കമ്മിറ്റിയംഗം അയ്‌മാൻ, ദേവ് എന്നീ വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് മാർച്ച് ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് എം ശിവപ്രസാദ്, കേന്ദ്ര കമ്മിറ്റിയംഗം ആര്യ പ്രസാദ്, ജില്ലാ പ്രസിഡന്റ് വിജയ് വിമൽ, സെക്രട്ടറി എം എ നന്ദൻ എന്നിവർ സംസാരിച്ചു.
വിദ്യാർഥികളെ അണിനിരത്തി പ്രതിരോധിക്കും: എസ്‌എഫ്‌ഐ
ന്യൂഡൽഹി: കേരളത്തിൽ പൊലീസിന്റെ ഒത്താശയിൽ കെഎസ്‌യുക്കാർ എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ ആക്രമണം അഴിച്ചുവിട്ടാൽ വിദ്യാർഥികളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്ന് എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി. കേരള സർവകലാശാല തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെ കെഎസ്‌യു മനഃപൂർവം അക്രമം അഴിച്ചുവിടുകയായിരുന്നു.
സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദുൾപ്പെടെ പതിനഞ്ചിലധികം എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. മാധ്യമപ്രവർത്തകരും ആക്രമണത്തിനിരയായി. ആക്രമികളെ നിയന്ത്രിക്കുന്നതിന് പകരം പൊലീസ് അതിന് ഒത്താശ ചെയ്തുകൊടുത്തു. ഇത്തരം നീക്കങ്ങൾ തുടർന്നാൽ ശക്തമായി ചെറുക്കുമെന്ന് സംസ്ഥാന സർക്കാരിനെ ഓർമിപ്പിക്കുകയാണെന്ന് അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടചാര്യ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.
പൊലീസ് അക്രമത്തെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: കെഎസ്‌യു അതിക്രമത്തിനെതിരെ പ്രതിഷേധിച്ച എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ച പൊലീസ് നടപടിയെ ന്യായീകരിച്ച് രമേശ് ചെന്നിത്തല. ഏകപക്ഷീയമായി നടപടിയെടുത്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കല്ലേറുണ്ടായപ്പോൾ പൊലീസ് ഇടപെടുകയായിരുന്നു.
എസ്‌എഫ്‌ഐയും കെഎസ്‌യുവും സംയമനം പാലിക്കണമെന്നും ചെന്നിത്തല പറഞ്ഞു. കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ എസ്‌എഫ്‌ഐ പ്രവർത്തകർ തിങ്കളാഴ്‌ച രാത്രി ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ കെഎസ്‌യുക്കാർ കല്ലെറിയുകയും സംഘർഷമുണ്ടാക്കുകയും ചെയ്തു. എന്നാൽ, പൊലീസ് ഏകപക്ഷീയമായി എസ്‌എഫ്‌ഐ പ്രവർത്തകരെ തെരഞ്ഞുപിടിച്ച് ലാത്തിച്ചാർജ് ചെയ്യുകയും ഗ്രനേഡ് വലിച്ചെറിയുകയുമായിരുന്നു.
കെഎസ്‌യു ആക്രമണം കണ്ടില്ലെന്ന് നടിച്ച് മാധ്യമങ്ങൾ
തിരുവനന്തപുരം: കെഎസ്‌യു ആക്രമണത്തെ താലോലിച്ചും കണ്ടില്ലെന്ന് നടിച്ചും മാധ്യമങ്ങൾ. സമാധാനപരമായി എസ്‌എഫ്‌ഐ നടത്തിയ വിജയാഹ്ലാദപ്രകടനത്തിനുനേരെ കരുതിക്കൂട്ടി ആക്രമണം നടത്തിയവരെ കുറ്റപ്പെടുത്താൻ മാധ്യമങ്ങൾ തയ്യാറായില്ല. പകരം എസ്‌എഫ്‌ഐ– കെഎസ്‌യു സംഘർഷമായി ചിത്രീകരിച്ച് ആക്രമണത്തെ മയപ്പെടുത്തി.
കേരള സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഏഴ് ജനറൽ സീറ്റിൽ ആറിലും എസ്‌എഫ്‌ഐയാണ് വിജയിച്ചത്. കെഎസ്‌യുവിന് വൈസ് ചെയർപേഴ്‌സൺ സ്ഥാനം മാത്രമാണ് ലഭിച്ചത്. ഇതിന്റെ നിരാശയിലായിരുന്നു ആക്രമണം. സർവകലാശാലാ ക്യാന്പസിൽ ആക്രമണം നടക്കില്ലെന്ന് മനസ്സിലാക്കി ക്രിമിനൽ സംഘത്തെ ഉൾപ്പെടെയിറക്കി തെരുവിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ഇരുപ്രകടനങ്ങളെയും ഒരേ ദിശയിൽനിന്ന് മാറ്റിവിടാൻ ശ്രമിക്കാതെ പൊലീസും ആക്രമണത്തിന് കൂട്ടുനിന്നു. എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെമാത്രം ലാത്തിച്ചാർജും ഗ്രനേഡും ജലപീരങ്കിയും ഉപയോഗിച്ചതും മാധ്യമങ്ങൾ കണ്ടില്ലെന്ന് നടിച്ചു.









0 comments