ad
Deshabhimani

അറുതിയില്ലാതെ 'കാട്ടാനക്കലി'; ഒരാഴ്ചയ്ക്കുള്ളിൽ നഷ്ടമായത് 3 ജീവനുകൾ

wild elephant attack deaths

പുഷ്പാകരൻ വെള്ളക്കയ്യൻ, മോഹനൻ, ജെസി

വെബ് ഡെസ്ക്

Published on May 31, 2026, 12:42 PM | 2 min read

തിരുവനന്തപുരം: കേരളത്തിൽ കാട്ടാനകളുടെ ആക്രമണത്തിൽ ഒരാഴ്ചയ്ക്കിടെ മൂന്ന് പേരുടെ ജീവൻ പൊലിഞ്ഞതോടെ വനഅതിർത്തികളിൽ ജനജീവിതം കടുത്ത ഭീതിയിലും ആശങ്കയിലുമാണ്. വനംവകുപ്പിന്റെ ദ്രുതകർമ സേനയും (ആർആർടി), പ്രാഥമിക കർമസേനയുമൊക്കെ (പിആർടി) രംഗത്തുണ്ടെങ്കിലും താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം ശാശ്വതമായ ഒരു മാർഗ്ഗവും അധികൃതരുടെ പക്കലില്ല. ആനകളെ തടയാൻ സ്ഥാപിച്ച സോളാർ വേലികളും പ്രതിരോധ കിടങ്ങുകളും കൃത്യമായി പരിപാലിക്കുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടതാണ് കാട്ടാനകൾ ജനവാസ മേഖലകളിലേക്ക് എളുപ്പത്തിൽ ഇറങ്ങാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വന്യമൃഗ ആക്രമണങ്ങൾ തടയാൻ സർക്കാരിന്റെ കൈയിൽ ഒറ്റമൂലിയില്ലെന്ന വനം മന്ത്രി ഷിബു ബേബി ജോണിന്റെ പ്രതികരണം ജനങ്ങൾക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.


തൃശൂർ ജില്ലയിലെ അതിരപ്പിള്ളി വൈശേരിയിൽ കർഷകനായ പുല്ലേർകാട്ട് വീട്ടിൽ മോഹനൻ (65) ആണ് കാട്ടാനയാക്രമണത്തിൽ ഒടുവിലായി കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ 2.30-ഓടെ കൃഷിയിടത്തിലിറങ്ങിയ കാട്ടാന വീടിന് മുന്നിലെത്തിയ ശബ്ദം കേട്ടാണ് മോഹനനും ഭാര്യ ഗിരിജയും ഉണർന്നത്. തുടർന്ന് സമീപവാസികൾക്കൊപ്പം തീപ്പന്തവുമായി ആനയെ തുരത്തുന്നതിനിടെ ആന തിരിഞ്ഞോടുകയും, തട്ടിവീണ മോഹനനെ ചവിട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


അതിരപ്പിള്ളിയിലെ ദുരന്തത്തിന് പിന്നാലെ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. ശനിയാഴ്ച രാവിലെ അതിരപ്പിള്ളി പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതോടെ നാട്ടുകാർ ആനമല അന്തർസംസ്ഥാന പാത ഉപരോധിച്ചു. അരൂർമുഴി ജങ്ഷനിൽ രാവിലെ 10 മണിക്ക് ആരംഭിച്ച ഉപരോധസമരം ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ 12 മണിയോടെയാണ് അവസാനിപ്പിച്ചത്. മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നതിൽ വനംവകുപ്പിന് ഉത്തരവാദിത്തമുണ്ടെന്ന് സമ്മതിച്ച വനം മന്ത്രി ഷിബു ബേബി ജോൺ, ദുരിതബാധിത കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകുമെന്നും പറഞ്ഞു.


സംസ്ഥാനത്ത് ഒരൊറ്റ ആഴ്ചയ്ക്കുള്ളിലാണ് മനുഷ്യ-വന്യജീവി സംഘർഷം മൂന്ന് പേരുടെ ജീവനെടുത്തത്. കഴിഞ്ഞ ഞായറാഴ്ച പെരുമ്പാവൂരിൽ വനംവകുപ്പിന്റെ താൽക്കാലിക വാച്ചറെ ആന കൊലപ്പെടുത്തിയതായിരുന്നു ആദ്യ സംഭവം. പൊങ്ങിൻചുവട് ഉന്നതിയിലെ ആദിവാസി യുവാവ് പുഷ്പാകരൻ വെള്ളക്കയ്യനാണ് (45) കൊല്ലപ്പെട്ടത്. തുടർന്ന് ചൊവ്വാഴ്ച വയനാട്ടിലെ മേപ്പാടിയിൽ നടുറോഡിൽ വെച്ച് ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. മേപ്പാടി പഞ്ചായത്തിലെ കള്ളാടി കാശ്മീർ കുരിശിങ്കൽ ജെസി (45)ആണ് മരിച്ചത്. തുടർച്ചയായുണ്ടാകുന്ന ഈ മരണങ്ങൾ ഹൈറേഞ്ച് ജില്ലകളിലെ കർഷകരുടെയും വന അതിർത്തികളിൽ താമസിക്കുന്നവരുടെയും അതുവഴി യാത്ര ചെയ്യുന്നവരുടേയും ജീവനും ഉപജീവനത്തിനും കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്.


യുഡിഎഫ് അധികരത്തിൽ വന്നാൽ വന്യജീവി അക്രമങ്ങൾക്ക് ഉടനടി പരിഹാരം കാണുമെന്ന് മുൻപ് പറഞ്ഞിരുന്നെങ്കിലും, ഇപ്പോൾ ദ്രുതനടപടികൾ സ്വീകരിക്കുന്നതിന് പകരം ജനങ്ങളെ കൈയൊഴിയുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രതിരോധ നടപടികളിലൂടെ മരണനിരക്ക് കുറയ്ക്കാനും, 68.69 കോടി രൂപ നാശനഷ്ട പരിഹാരമായി കാലതാമസം കൂടാതെ നൽകാനും സാധിച്ചിരുന്നു. എന്നാൽ മുൻ സർക്കാരിനെ കുറ്റം പറഞ്ഞവർക്ക് ഒരാഴ്ചയ്ക്കിടെ മൂന്ന് മരണങ്ങൾ ഉണ്ടായിട്ടും ഫലപ്രദമായി ഒന്നും ചെയ്യാൻ കഴിയുന്നില്ല.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home