എടവണ്ണയിലെ വീട്ടിലെ ആയുധശേഖരം; തോക്കുകൾ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കും

പ്രതി ഉണ്ണിക്കമ്മദ്, പിടികൂടിയ തോക്കുകൾ
മലപ്പുറം: എടവണ്ണയിലെ വീട്ടിൽ നിന്ന് ആയുധശേഖരം പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. പിടികൂടിയ തോക്കുകളും വെടിയുണ്ടകളും കോടതിയിൽ സമർപ്പിച്ചു. കോടതിയുടെ അനുമതിയോടെ തോക്കുകൾ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കും. പിടിച്ചെടുത്ത തോക്കുകൾ എത്ര തവണ ഉപയോഗിച്ചു, തിരകൾ ഏതാണ്, അതിന്റെ തീവ്രത തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാനാണ് പരിശോധന.
ചൊവ്വ രാത്രിയാണ് വൻ ആയുധശേഖരവുമായി കല്ലിടുമ്പ് പൊതിലാടിലെ പുത്തൻപുരക്കൽ ഉണ്ണിക്കമ്മദി (67)നെ പൊലീസ് അറസ്റ്റുചെയ്തത്. 20 എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്‌സുമാണ് കണ്ടെത്തിയത്. പാലക്കാട് കൽപ്പാത്തിയിൽ എയർഗണുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. ഈ അന്വേഷണമാണ് എടവണ്ണയിൽ എത്തിയത്. യുവാക്കളിൽനിന്ന് കണ്ടെടുത്ത തിര പട്ടാളക്കാരും പൊലീസുകാരും ഉപയോഗിക്കുന്ന തരം തോക്കുകളിലേതായിരുന്നു. സംശയംതോന്നിയ പാലക്കാട് നോർത്ത് പൊലീസ് കൂടുതൽ അന്വേഷണം നടത്തി. എടവണ്ണയിൽനിന്നാണ് തോക്കുകളും തിരകളും ലഭിച്ചതെന്ന് ഇവർ വിവരം നൽകുകയായിരുന്നു.
ഉണ്ണിക്കമ്മദിന്റെ വീടിന്റെ ഹാളിനോട് ചേർന്നുള്ള കിടപ്പുമുറിയിലും വീടിന്റെ താഴ്ഭാഗത്തെ ഷട്ടറിട്ട മുറികളിലുമായാണ് ആയുധം സൂക്ഷിച്ചിരുന്നത്. രണ്ട് തോക്കുകൾ കൈവശംവയ്‌ക്കാനുള്ള ലൈസൻസ് ഇയാൾക്കുണ്ടായിരുന്നു. ഇൗ ലൈസൻസിന്റെ മറവിലാണ് അനധികൃതമായി ആയുധശേഖരം സൂക്ഷിച്ചത്. പ്രതിക്ക് തോക്കുകളുടെ അറ്റകുറ്റപ്പണികളുമുള്ളതായി സൂചനയുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.









0 comments