ദുരന്തബാധിതർ ചോദിക്കുന്നു പണമെവിടെ പ്രധാനമന്ത്രി ?

കൽപ്പറ്റ: ‘പുനരധിവാസത്തിന് പണം തടസ്സമാകില്ല’– മുണ്ടക്കൈയിൽ ഉരുൾപൊട്ടിയപ്പോൾ ദുരന്ത മേഖലയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനമായിരുന്നു ഇത്. എന്നാൽ ‘പണമെവിടെ പ്രധാനമന്ത്രി?’ ഇപ്പോൾ ദുരന്തബാധിതർ ചോദിക്കുന്നു. ഉരുൾപൊട്ടിയതു മുതൽ ഇവരോട് കൊടുംക്രൂരതയാണ് കേന്ദ്രം കാണിക്കുന്നത്. ഒടുവിലത്തേതാണ് 2221 കോടി രൂപ ചോദിച്ചിട്ട് 260 കോടിയായി വെട്ടിച്ചുരുക്കി അനുവദിച്ചത്. പുഞ്ചിരിമട്ടം പൊട്ടിയൊഴുകി ഒരുനാട് ഇല്ലാതായപ്പോൾ ലോകം കണ്ടത് കേരളത്തിന്റെ മനുഷ്യത്വമായിരുന്നു. എന്നാൽ രാജ്യം കണ്ട മഹാദുരന്തത്തിൽ സർവവും നഷ്ടപ്പെട്ടവരെ ഒരിക്കൽപ്പോലും കേന്ദ്ര സർക്കാർ മനുഷ്യരായി കണ്ടില്ല. പ്രധാനമന്ത്രി എത്തിയത് പൊയ്‌മുഖവുമായിട്ടായിരുന്നു. കണ്ണീരൊപ്പുമെന്നും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ ഫോട്ടോഷൂട്ട് നടത്തി മടങ്ങി.
ദുരന്തത്തിൽ 1202.12 കോടി രൂപയുടെ നഷ്ടമുണ്ടായി. അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് 2024 ആഗസ്‌ത് 17ന് സംസ്ഥാനം നിവേദനം നൽകിയിട്ടും ഒരുരൂപ പോലും അനുവദിച്ചില്ല. ഇൗ ഘട്ടത്തിൽ മറ്റു സംസ്ഥാനങ്ങൾക്ക് തുക നൽകി. പിന്നീട് പിഡിഎൻഎ (പോസ്‌റ്റ് ഡിസാസ്‌റ്റർ നീഡ്‌സ് അസസ്‌മെന്റ്) പരിശോധന പൂർത്തിയാക്കി പുനരധിവാസത്തിനും പുനർനിർമാണത്തിനുമായി 2221.03 കോടി രൂപ ആവശ്യപ്പെട്ട് നിവേദനം നൽകി. ഒരുവർഷത്തോളം ഇതിൽ അടയിരുന്നാണിപ്പോൾ തുച്ഛമായ തുക അനുവദിച്ചത്.
ഉരുൾപൊട്ടൽ അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ നിരന്തര ആവശ്യം അവഗണിച്ചായിരുന്നു ക്രൂരതയുടെ തുടക്കം. ദുരന്തം എൽ 3 വിഭാഗത്തിൽ ഉൾപ്പെടുത്തിയാൽ ഐക്യരാഷ്‌ട്ര സഭയുടേതുൾപ്പെടെ സഹായം ലഭിക്കുമായിരുന്നു. രാജ്യത്തെ മുഴുവൻ എംപിമാർക്കും സഹായം നൽകാനാകും. സഹായം ലഭിക്കില്ലെന്ന് ഉറപ്പാക്കി അഞ്ചുമാസത്തിനുശേഷമാണ് എൽ 3യിൽ ഉൾപ്പെടുത്തിയത്. ഇവിടെയും തീർന്നില്ല, രക്ഷാപ്രവർത്തനത്തിന് ഹെലികോപ്‌ടർ വിട്ടുനൽകിയതിനുൾപ്പെടെ 120 കോടി രൂപ വാടക ചോദിച്ചു. ദുരന്തബാധിതരുടെ ബാങ്ക് കടം എഴുതിത്തള്ളണമെന്നതായിരുന്നു മറ്റൊരു പ്രധാന ആവശ്യം. ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 13 പ്രകാരം കേന്ദ്രത്തിന് ബാങ്കുകളോടിത് ആവശ്യപ്പെടാവുന്നതാണ്. ഇത് മറികടക്കാൻ സെക്ഷൻ 13 മാറ്റിയെഴുതി പകവീട്ടി.









0 comments