അപ്പച്ചനെ എഐസിസി അംഗമാക്കി "കോംപ്രമൈസ്' ; തുറന്നടിക്കുമെന്ന് ഭീഷണി

കൽപ്പറ്റ
വയനാട് ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയ എൻ ഡി അപ്പച്ചനെ മണിക്കൂറുകൾക്കുള്ളിൽ എഐസിസി അംഗമാക്കി അനുനയിപ്പിച്ചത് കൂടുതൽ പൊട്ടിത്തെറികൾ ഭയന്ന്. ജോസ് നെല്ലേടം ജീവനൊടുക്കാനിടയാക്കിയ ഗ്രൂപ്പ് പോരിലും എൻ എം വിജയന്റെ ആത്മഹത്യക്കിടയാക്കിയ നിയമനക്കോഴയിലും ഐ സി ബാലകൃഷ്‌ണൻ എംഎൽഎയടക്കമുള്ളവരുടെ പങ്ക് അപ്പച്ചൻ വെളിപ്പെടുത്തിയാൽ ജില്ലയിലെ കോൺഗ്രസ് സമ്പൂർണമായി തകരുമെന്ന ഭയത്തിലാണ് നേതൃത്വത്തിന്റെ "അടിയന്തര രക്ഷാപ്രവർത്തനം'. തന്നെ നീക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കോൺഗ്രസ് പ്രവർത്തകർതന്നെ അത് പുറത്തുകൊണ്ടുവരുമെന്നും പ്രാദേശിക ചാനലിനോട് അപ്പച്ചൻ പറഞ്ഞിരുന്നു.
സണ്ണി ജോസഫ് പൊക്കോട്ടെയെന്ന് പറഞ്ഞാൽ ഒഴിവാകുമെന്നും തന്റെ രാജിയെക്കുറിച്ച് തനിക്കറിയില്ലെന്നും ഇനി എന്തുചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് പറയട്ടെയെന്നുമാണ് അപ്പച്ചൻ പ്രതികരിച്ചത്. തുടർന്ന് വിളിച്ച നേതാക്കളോടും കെപിസിസി നേതൃത്വത്തോടും ഗുരുതര വെളിപ്പെടുത്തൽ നടത്തുമെന്ന് ഭീഷണി മുഴക്കി. അപ്പച്ചൻ കടുത്ത അമർഷത്തിലാണെന്ന് മനസ്സിലാക്കിയ കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വൈകിട്ടോടെ വിളിച്ച് എഐസിസി അംഗത്വം വാഗ്‌ദാനം ചെയ്യുകയായിരുന്നു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും സന്ദേശമയച്ചു.
രാജിസന്നദ്ധത പലതവണ അറിയിച്ചിരുന്നെന്ന് പറഞ്ഞ ടി സിദ്ദിഖിനും വ്യാഴാഴ്‌ച കടുത്ത ഭാഷയിൽ അപ്പച്ചൻ മറുപടി നൽകിയിരുന്നു. അനുനയിപ്പിച്ചില്ലെങ്കിൽ ഗുരുതര ഭവിഷ്യത്തുണ്ടാകുമെന്ന് ചില മുതിർന്ന നേതാക്കളും കെപിസിസി നേതൃത്വത്തെ അറിയിച്ചു. അപമാനിച്ച് പുറത്താക്കിയെന്ന വികാരത്തിലായിരുന്ന അപ്പച്ചനും ഒപ്പമുള്ളവരും തൽക്കാലം പരസ്യ പ്രതിഷേധത്തിനില്ലെന്ന നിലപാടിലാണ്.










0 comments