print edition കഞ്ചിക്കോട് കോച്ച് -ഫാക്ടറി: ഭൂമി ഏറ്റെടുത്തത് വി എസ് സർക്കാരിന്റെ കാലത്ത്


സ്വന്തം ലേഖകൻ
Published on Aug 05, 2026, 12:00 AM | 1 min read
പാലക്കാട്: കോച്ച് -ഫാക്ടറി നിർമാണം ഉപേക്ഷിച്ചതായി കേന്ദ്രം അറിയിച്ചതിന് പിന്നാലെ നുണക്കഥകളുമായി വി കെ ശ്രീകണ്ഠൻ എംപി. ഫാക്ടറിക്കുവേണ്ടി ഉമ്മൻ ചാണ്ടി സർക്കാരാണ് 239 ഏക്കർ സ്ഥലം ഏറ്റെടുത്തതെന്നും എൽഡിഎഫ് സർക്കാർ ഒന്നും ചെയ്‌തില്ലെന്നുമാണ് എംപി തിങ്കളാഴ്‌ച മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ് പദ്ധതിക്കായി ഭൂമി ഏറ്റെടുത്തുനൽകിയത്.
2008ലെ റെയിൽവേ ബജറ്റിലാണ് പാലക്കാട്ടും റായ്‌ബറേലിയിലും കോച്ച് ഫാക്ടറികൾ പ്രഖ്യാപിച്ചത്. പിന്നാലെ വി എസ് സർക്കാർ കഞ്ചിക്കോട് സ്ഥലം ഏറ്റെടുക്കാൻ തുടങ്ങിയതോടെ കോൺഗ്രസും ബിജെപിയും പ്രതിഷേധവുമായി വന്നു. വി എസ് നേരിട്ടെത്തി കർഷകരുമായി സംസാരിച്ചാണ് സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കിയത്. പീന്നീടുവന്ന ഉമ്മൻ ചാണ്ടി സർക്കാർ പിറവം ഉപതെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ നേട്ടത്തിനായി പാലക്കാട് കോട്ടമൈതാനത്ത് തറക്കല്ലിട്ടു. കഞ്ചിക്കോട് സ്ഥലമേറ്റടുത്ത പദ്ധതിക്ക് തറക്കല്ലിട്ടത് പാലക്കാട് കോട്ടമൈതാനത്താണ്. 2014ൽ ബിജെപി അധികാരത്തിൽവന്നതോടെ പദ്ധതിക്ക് മരണമണിയും മുഴങ്ങി. എംപിയായിരുന്ന എം ബി രാജേഷ് പദ്ധതി നടത്തിപ്പിനായി വിവിധ രേഖകൾ സമർപ്പിച്ചെങ്കിലും അതെല്ലാം കേന്ദ്രം തള്ളി. കോച്ച് ഫാക്ടറി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി കേന്ദ്രത്തിൽ സമർദം ചെലുത്തേണ്ട കോൺഗ്രസ് എംപിമാർ നോക്കുകുത്തിയായി. ഇതിന്റെയെല്ലാം ജാള്യം മറയ്‌ക്കാനാണ് വി കെ ശ്രീകണ്ഠൻ എംപി പുതിയ നുണക്കഥയുമായി ഇറങ്ങിയത്.









0 comments