വിഴിഞ്ഞം പദ്ധതി: ജീവനോപാധി നഷ്ടപരിഹാരം: 9.57 കോടി അനുവദിച്ചു

വിഴിഞ്ഞം തുറമുഖം
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ജീവനോപാധി നഷ്ടപരിഹാരത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി സംസ്ഥാന സർക്കാർ 9.57 കോടി രൂപ അനുവദിച്ചു. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി ഇതുവരെ നഷ്ടപരിഹാരം ലഭിക്കാതിരുന്ന മത്സ്യത്തൊഴിലാളികൾക്കാണ് തുക അനുവദിച്ചത്.
ചെറിയ വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്ക് 4.2 ലക്ഷം വീതം ആകെ 2.01 കോടി രൂപ നൽകി. കടൽത്തീരം റിസോർട്ടിലെ 15 ജീവനക്കാർക്ക് 2.50 ലക്ഷം വീതം ആകെ 37.5 ലക്ഷം രൂപ നൽകി. ഇതിനായി ആകെ 2.39 കോടി അനുവദിച്ചു. വിഴിഞ്ഞം ഹാർബറിന് സമീപം മത്സ്യത്തൊഴിലാളികൾക്ക് കളിസ്ഥലം നിർമിക്കാൻ 87.5 ലക്ഷം അനുവദിച്ചു.
കരമടി തൊഴിലാളികൾ, കരമടി വനിതാ തൊഴിലാളികൾ, മസൽ ലേബേഴ്‌സ് എന്നിവർക്കാണ് നഷ്ടപരിഹാരം അനുവദിച്ചത്. ഇതിനായി 7.18 കോടി രൂപ അനുവദിച്ചു. ആകെ 9.57 കോടി രൂപയുടെ ധനസഹായമാണ് വിതരണം ചെയ്യുന്നത്. വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ വികസന വഴികളിൽ നാഴികക്കല്ലാകുന്ന അഭിമാന പദ്ധതിയാണ്. പദ്ധതിക്കായി വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവന്ന പ്രദേശവാസികളെയും മത്സ്യത്തൊഴിലാളികളെയും ചേർത്തുപിടിക്കുന്ന സർക്കാർ നിലപാടിന്റെ ഉറപ്പാണ് ധനസഹായ വിതരണത്തിലൂടെ തെളിയുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.









0 comments