യാത്ര, അപകടരഹിതം
വികസനോന്മുഖം

ganesh
avatar
സി ജെ ഹരികുമാർ

Published on Oct 15, 2025, 10:01 PM | 2 min read

തിരുവല്ല : രാജ്യത്തിനുതന്നെ മാതൃകയാകുംവിധം പൊതുഗതാഗത സ‍ൗകര്യങ്ങൾ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പാക്കാനും പുതിയ ഗതാഗത സംസ്‌കാരം വളർത്തിയെടുക്കാനും സമഗ്രനിർദേശങ്ങൾ സമർപ്പിച്ച്‌ വിഷൻ 2031 ഗതാഗത സെമിനാർ.


റോഡ്‌ ഗതാഗതത്തോടൊപ്പം ജലഗതാഗതവും പ്രോത്സാഹിപ്പിക്കാൻ പരിസ്ഥിതിസ‍ൗഹൃദ ഗതാഗത മാർഗങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കാനും സെമിനാറിൽ നിർദേശമുയർന്നു. സർക്കാർ നിയന്ത്രണത്തിലുള്ള ഗതാഗത സംവിധാനങ്ങളിൽ സിംഗിൾ ടിക്കറ്റിങ്, വൈറ്റില ഹബിന്‌ സമാനമായി ട്രാൻസ്‌പോർട്ട്‌ ഹബ്ബുകൾ, ദേശീയപാതയോരത്തെ മിച്ചഭൂമി ഉപയോഗിച്ച്‌ വലിയ വാഹനങ്ങൾക്ക്‌ ഹബ്ബ്‌, വനിത എൻഫോഴ്‌സ്‌മെന്റ്‌ ഉദ്യോഗസ്ഥരെ എൻഫോഴ്‌സ്‌മെന്റ്‌ വാഹനങ്ങളിൽ ഉറപ്പാക്കൽ, സൈ ക്കിൾ ഉപയോഗം വർധിപ്പിക്കാൻ സ്‌പെഷ്യൽ ട്രാക്ക്‌, നഗരസഭകളുടെ സഹായത്തോടെ മൾട്ടി ലെവൽ പാർക്കിങ് ലിഫ-്‌റ്റുകൾ, ബസ്‌ സ്‌റ്റേഷനുകളിൽ സോളാർ പാനൽ സ്ഥാപിക്കാൻ എംപി ഫണ്ട്‌ അനുവദിക്കുക തുടങ്ങിയ ലക്ഷ്യങ്ങളടങ്ങിയ വികസന നയരേഖ മന്ത്രി കെ ബി ഗണേഷ്‌കുമാർ അവതരിപ്പിച്ചു. കെഎസ്‌ആർടിസി വിന്റേജ്‌ വാഹനങ്ങളെ ഉൾപ്പെടുത്തി പാപ്പനംകോട്‌ വാഹനമ്യൂസിയം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.


തിരുവല്ല ബിലീവേഴ്‌സ്‌ കൺവൻഷൻ സെന്ററിൽ നാലു സെഷനുകളിലായിരുന്നു പാനൽ ചർച്ച. ഗതാഗതമേഖലയിലും വിദഗ്‌ധർ ചർച്ചകളിൽ പങ്കെടുത്തു. പാനൽ ചർച്ചകളിൽ മന്ത്രിയും പങ്കെടുത്ത്‌ അഭിപ്രായ രൂപീകരണം തേടി. വരുംവർഷം ‘ഇവി വർഷ’മായി അവതരിപ്പിച്ച്‌ ഇലക്‌ട്രിക്ക്‌ വാഹനങ്ങളുടെ വളർച്ച വർധിപ്പിക്കുക, ഹൈഡ്രജൻ വാഹനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുക, ഗതാഗത ഓഫീസുകളിൽ സോളാർ വൈദ്യുതി ഉപയോഗിക്കുക, കുട്ടനാട് വാട്ടർ സഫാരി പാക്കേജ്‌ ഉടൻ നടപ്പാക്കി ബജറ്റ്‌ ടൂറിസവുമായി ബന്ധിപ്പിക്കുക, തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളെയും പള്ളികളെയും ഉൾപ്പെടുത്തി കെഎസ്‌ആർടിസി പിൽഗ്രിം ടൂറിസം പദ്ധതി, ബസ്‌ ടെർമിനലുകൾ നവീകരിക്കുക, ഐഡിടിആർ പരിശീലന കേന്ദ്രങ്ങൾ ജില്ലകളിൽ തുടങ്ങിയ നിർദേശവും ഉയർന്നു. വകുപ്പിന്റെ 10 വർഷത്തെ നേട്ടങ്ങൾ സ്‌പെഷ്യൽ സെക്രട്ടറി പി ബി നൂഹ് അവതരിപ്പിച്ചു. ​


ഡ്രൈവിങ്‌ സ്‌കൂളിലൂടെ ലാഭം 2.5 കോടി


പത്തുമാസത്തിനിടെ രണ്ടരക്കോടി രൂപയാണ് കെഎസ്ആർടിസി ഡ്രൈവിങ്ങ് സ്‌കൂളിലൂടെ ലാഭമെന്ന്‌ മന്ത്രി അറിയിച്ചു. കൂടുതൽ ഡ്രൈവിങ്‌ സ്‌കൂളുകൾ ആരംഭിക്കും. ലൈൻ ട്രാഫിക് പഠിപ്പിച്ചുകൊണ്ടാകും ഇനി ഡ്രൈവിങ് പരിശീലനം. കെഎസ്ആർടിസിയിൽ നിയമനത്തിന് പൊലീസിലേതുപോലെ ഫിറ്റ്നെസ് ടെസ്‌റ്റ്‌ പ്രാവർത്തികമാക്കാൻ പിഎസ്‌സിയോട് ആവശ്യപ്പെടും. സ്‌കൂൾ വിദ്യാർഥികളെ ഉപയോഗിച്ച്‌ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്‌ റോഡ്‌ സേഫ്‌റ്റ്‌ കേഡറ്റ്‌സ്‌ പദ്ധതി സംസ്ഥാനമാകെ നടപ്പാക്കും.


തിരുവനന്തപുരം– കൊച്ചി 
ബിസിനസ്‌ ക്ലാസ്‌ ബസ്‌


തിരുവനന്തപുരത്തു നിന്ന്‌ കൊച്ചിവരെ ബിസിനസ്‌ ക്ലാസ്‌ ബസ്‌ സർവീസ്‌ ആരംഭിക്കുമെന്ന്‌ മന്ത്രി കെ ബി ഗണേഷ്‌കുമാർ. 25 സീറ്റുള്ള ബസിൽ എല്ലാവർക്കും ടിവി, ചാർജിങ്, വൈഫൈ സ‍ൗകര്യമടക്കം നൽകും. ദേശീയപാത പൂർത്തിയാകുന്നതോടെ മൂന്നര മണിക്കൂറിൽ തിരുവനന്തപുരം കൊച്ചി യാത്രയാണ്‌ ലക്ഷ്യം. എമിറേറ്റ്‌സ്‌ ബിസിനസ്‌ ക്ലാസ്‌ വിമാനത്തിന്‌ സമാനമായ സീറ്റ്‌ സ‍ൗകര്യത്തോടെയുള്ള ബസിൽ ഡ്രൈവറും ബസ്‌ ഹോസ്‌റ്റസും ഉണ്ടാകും. സീറ്റുകൾ വിദേശത്തുനിന്ന്‌ ഇറക്കുമതി ചെയ്യും. 2026 ഡിസംബറിൽ ആറുവരി ദേശീയപാത പൂർത്തിയാകും. ഇത്‌ ഗതാഗതരംഗത്ത് വൻ മാറ്റമാണുണ്ടാക്കുക. ഡ്രൈവിങ് ടെസ്‌റ്റ്‌ ഗ്ര‍ൗണ്ടിൽ തന്നെ ലൈസൻസ്‌ നൽകാനുള്ള സംവിധാനമൊരുക്കും. പരീക്ഷ പരിശോധകരായ ഉദ്യോഗസ്ഥർക്കെല്ലാം ടാബ് നൽകും. നിർമിതബുദ്ധിയുടെ സഹായത്തോടെ കെഎസ്ആർടിസിയുടെ പ്രവർത്തനം കാര്യക്ഷമമാക്കും. ബസ്‌ ഷെഡ്യൂൾ പരിഷ്‌ക്കരിക്കും. ഒരേ സമയം തുടർച്ചയായി ബസുകൾ ഒരേ റൂട്ടിൽ പോകുന്നതിന്‌ പുതിയ സോഫ്റ്റ് വെയർ ഉപയോഗിച്ച് പരിഹാരമുണ്ടാക്കും. ഒരേ റൂട്ടിൽ കൃത്യമായ ഇടവേളയിൽ ബസ് സഞ്ചരിക്കുന്നതെന്ന് ഉറപ്പാക്കും. ജിപിഎസ് സഹായത്താൽ ഗതാഗതക്കുരുക്ക് മുൻകൂട്ടിയറിഞ്ഞ് ഷെഡ്യൂൾ നിശ്ചയിക്കാനാകും– മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home